വാഷിങ്ടണ്‍: ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്കില്‍ കയ്യിട്ട് മേശയില്‍ തുടച്ചതോടെ ഓവല്‍ ഓഫീസിലെ ഡെസ്‌ക് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 145 വര്‍ഷം പഴക്കമുള്ള ഐക്കോണിക്ക് റെസല്യൂട്ട് ഡെസ്‌ക്കാണ് ട്രംപ് മാറ്റിയത്.
കഴിഞ്ഞ ദിവസം ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്കായി മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ലിറ്റില്‍ എക്സും വൈറ്റ് ഹൗസിലെത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ മസ്‌കിന്റെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തു.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഫെഡറല്‍ വര്‍ക്ക് ഫോഴ്‌സ് കുറയ്ക്കാന്‍ ഡി.ഒ.ജി.ഇയ്ക്ക് അധികാരം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതിനിടെയാണ് സംഭവം നടന്നത്. ഓഫീസില്‍ നിന്ന് താത്കാലികമായി മാറ്റിയ ഡെസ്‌ക് നവീകരിക്കാനാണ് ട്രംപ് ഉത്തരവിട്ടതെന്നാണ് വിവരം.
‘തെരഞ്ഞെടുപ്പിന് ശേഷം ഒരു പ്രസിഡന്റിന് ഏഴ് ഡെസ്‌കുകളില്‍ ഒന്ന് ലഭിക്കും. ‘സി ആന്‍ഡ് ഒ’ എന്ന് അറിയപ്പെടുന്ന ഈ ഓഫീസ് ഡെസ്‌ക് ആണ് മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്. ഡബ്ല്യൂ ബുഷും മറ്റുളളവരും ഉപയോഗിച്ചിരുന്നത്. ഈ ഓഫീസ് താത്കാലികമായി നവീകരിക്കും, വളരെ പ്രധാനപ്പെട്ട ജോലിയാണിത്,’ ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
എന്നാല്‍ മസ്‌കിന്റെ സന്ദര്‍ശത്തിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ്, ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് അടക്കമുള്ള ഏതാനും യു.എസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ജേര്‍മോഫോബിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലായിടങ്ങളിലും രോഗാണുക്കള്‍ ഉണ്ടെന്ന തോന്നലാണ് ജേര്‍മോഫോബിയ.
ജോര്‍ജ് ബുഷിനും ട്രംപിനും പുറമെ ജോ ബൈഡനും ബരാക് ഒബാമയും റെസല്യൂട്ട് ഡെസ്‌ക് ഉപയോഗിച്ചിട്ടുണ്ട്. ജോര്‍ജിയന്‍ ശൈലിയിലുള്ള ‘സി ആന്‍ഡ് ഒ’ ഓക്ക് തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഹാന്‍ഡിലുകളാണ് ഡെസ്‌ക്കിനുള്ളത്.
ചെസാപീക്ക്, ഒഹായോ റെയില്‍വേയുടെ ഉടമസ്ഥരില്‍ ഒരാള്‍ക്ക് വേണ്ടിയാണ് ഈ ഡെസ്‌ക് നിര്‍മിച്ചത്. പിന്നീട് ഇത് വൈറ്റ് ഹൗസിന് കൈമാറുകയായിരുന്നു. 1880ല്‍ വിക്ടോറിയ രാജ്ഞി സമ്മാനമായി നല്‍കിയ മേശ കൂടിയാണിത്.
1902ല്‍ വെസ്റ്റ് വിങ് നിര്‍മിക്കുന്നതിന് മുമ്പ്, പ്രസിഡന്റിന്റെ ഓഫീസ് സ്ഥിതിചെയ്തിരുന്ന വൈറ്റ് ഹൗസിന്റെ രണ്ടാം നിലയിലായിരുന്നു ഈ ഡെസ്‌ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. 1945ല്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനാണ് ഡെസ്‌കിന്റെ പരിഷ്‌കരിച്ച പതിപ്പ് ആദ്യമായി ഉപയോഗിച്ചത്.
Content Highlight: Trump’s Resolute Desk refurbishment linked to Musk’s son’s nose-picking incident at Oval Office