ബെർലിൻ: അടുത്ത വർഷം നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ യൂറോപ്പിനെ സംബന്ധിച്ച് വലിയ ദുരന്തമായിരിക്കുമെന്ന് ജർമനിയുടെ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ്.
ബെർലിൻ വിദേശ നയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര് വൈറ്റ് ഹൗസിൽ വന്നാലും, ഒന്ന് വലിയ ദുരന്തമായിരിക്കും, മറ്റേത് പിന്നേയും ഭേദമായിരിക്കും,’ യൂറോപ്പ്യൻ രാജ്യങ്ങളെ 2024 യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പിസ്റ്റോറിയസ്.
ഡെമോക്രാറ്റുകളാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെങ്കിൽ പോലും അമേരിക്കയുമായുള്ള ബന്ധത്തിൽ യൂറോപ്പിന് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് പിസ്റ്റോറിയസ് പറഞ്ഞു. ഇൻഡോ പസഫിക് മേഖലയിലാണ് അമേരിക്ക കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഇതിന് കാരണമായി പിസ്റ്റോറിയസ് ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ ചെയ്യുന്ന പക്ഷം യൂറോപ്പുമായി മുമ്പത്തേതിന് സമാനമായി ഇടപെടാൻ അമേരിക്കക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 മുതൽ 2021 വരെ യു.എസ് പ്രസിഡന്റ് ആയിരുന്ന ട്രംപ്, നാറ്റോയുടെ സാമ്പത്തിക, സൈനിക ബാധ്യതകൾ ഏറ്റെടുക്കാത്തതിന് യൂറോപ്പ്യൻ രാജ്യങ്ങളെ നിരന്തരം വിമർശിച്ചിരുന്നു. യൂറോപ്പിൽ നിന്ന് യു.എസ് സേനയെ പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
Content Highlight: Trump’s re-election would be ‘a catastrophe’ for Europe: Germany