Kerala News
തെരഞ്ഞെടുപ്പിന് മുമ്പായി ലാസ് വേഗസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 29, 03:08 pm
Sunday, 29th September 2024, 8:38 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പായി റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ യു.എസിലെ ലാസ് വേഗസില്‍ സ്ഥാപിച്ചു. ലാസ് വേഗസിലെ നൊവാഡ സംസ്ഥാനത്തെ നഗരമധ്യത്തില്‍ വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് പ്രതിമ പ്രത്യക്ഷപ്പെട്ടത്.

മഞ്ഞ തലമുടിയോട് കൂടിയ വയറു ചാടി, കൈ കെട്ടിനില്‍ക്കുന്ന പ്രതിമയുടെ മുഖത്ത് വിഷാദഭാവമാണുള്ളത്. പ്രതിമയ്ക്ക് ഏകദേശം 43 അടിയോളം നീളവും 600 പൗണ്ട് ഭാരവുമുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസിന്റെ റാലി സില്‍വര്‍ സ്റ്റേറ്റില്‍ നടക്കാനിരിക്കവെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

നൊവാഡയിലെ പ്രധാന ഹൈവെയായ ഇന്റര്‍സെറ്റ്-ഹൈവേയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. crooked and obscene( കുടിലവും അശ്ലീലവും) എന്ന രണ്ട് വാക്കുകളും പ്രതിമയ്ക്ക് ചുവടെയായി എഴുതിയിട്ടുണ്ട്. റബ്ബര്‍ ഫോം, ഇരുമ്പ് കമ്പി എന്നിവ നിര്‍മ്മിച്ച് തയ്യാറാക്കിയ പ്രതിമകള്‍ പല രൂപത്തിലുമായാണ് തയ്യാറായിരിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പിന് മുമ്പായും ഇത്തരത്തില്‍ യു.എസിന്റെ പല നഗരങ്ങളിലും ട്രംപിന്റെ നഗ്ന പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. അന്ന് വേഗസിലെ ഹോണ്ടഡ് മ്യൂസിയത്തിന് സമീപമായിരുന്നു പ്രതിമകള്‍ സ്ഥാപിച്ചിരുന്നത്. 2018ല്‍ ഈ പ്രതിമ 28,000 ഡോളറിന് വിറ്റുപോവുകയായിരുന്നു.

എന്നാല്‍ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികരിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രതിമ സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഒരു വിഭാഗം, ഇന്‍സ്റ്റാളേഷന്‍ സമയമെടുക്കുന്നതില്‍ നിരാശ പങ്കുവെച്ചു. ഒരു ട്വിറ്റര്‍ ഉപയോക്താവ് എല്ലാ ദിവസവും ഈ പ്രതിമയ്ക്ക് മുമ്പിലൂടെ ഡ്രൈവ് ചെയ്യുന്ന കാര്യം തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്ന് എക്‌സില്‍ കുറിക്കുകയുണ്ടായി. മറ്റൊരാള്‍ ഞാന്‍ ഫ്രീവേയില്‍ നഗ്നനായ ആള്‍ക്ക് (ട്രംപിന്) വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ടു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ എതിരാളിയായ കമലാ ഹാരിസിന് പുറമെ ടെക് കമ്പനിയായ ഗൂഗിളിനുമെതിരെ പുതിയ ആരോപണങ്ങള്‍ അഴിച്ചു വിട്ടിരിക്കുകയാണ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയെക്കുറിച്ച് നല്ലവാര്‍ത്തകളും തന്നെക്കുറിച്ച് മോശം വാര്‍ത്തകളുമാണ് ഗൂഗിള്‍ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: Trump’s nude statue  installed in Las Vegas