ന്യൂയോര്‍ക്ക്: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ നൂറുകണക്കിന് കലാകാരന്മാര്‍. ട്രംപിന്റെ നിലപാടിനെതിരെ പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പരസ്യം പ്രസിദ്ധീകരിച്ചു.
‘ജൂത മനുഷ്യര്‍ വംശീയ ഉന്മൂലനത്തോട് വിയോജിക്കുന്നു’ എന്ന് പ്രതിഷേധക്കാര്‍ പരസ്യത്തിലൂടെ ആഹ്വാനം ചെയ്തു. 350തിലധികം റബ്ബികളും ജൂതവംശജരായ കലാകാരന്മാരുമാണ് ട്രംപിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
ആക്ടർ ജോക്വിന്‍ ഫീനിക്‌സ്, നാടകകൃത്ത് ടോണി കുഷ്‌നര്‍, കൊമേഡിയൻ ഇലാന ഗ്ലേസര്‍ എന്നിവരും വിയോജിപ്പറിയിച്ച കലാകാരന്മാരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ലോകത്തുടനീളമായുള്ള വിവിധ സഭകള്‍, ക്യാമ്പസുകള്‍, ആശുപത്രികള്‍, റബ്ബിനിക്കല്‍ സെമിനാരികള്‍, കമ്മ്യൂണിറ്റി സംഘടനകള്‍ എന്നിവയും ആഹ്വാനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പത്രത്തിന്റെ ഒരു മുഴുനീള പേജിലായാണ് പ്രതിഷേധക്കാര്‍ ട്രംപിനെതിരെ ആഹ്വാനം നടത്തിയത്. ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമായ തീരുമാനമാണെന്ന് കൊമേഡിയനും ആക്ടറുമായ ഗ്ലേസര്‍ പറഞ്ഞു.
ഗസ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഒരു റിയല്‍ എസ്റ്റേറ്റ് ഭൂമിയായി കണക്കാക്കി വികസനം സാധ്യമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്ക ഗസ ഏറ്റെടുത്താല്‍ ഫലസ്തീനികള്‍ക്ക് അവിടെ അവകാശമുണ്ടാകില്ലെന്നും ഗസയെ ഒരു ബീച്ച് റിസോര്‍ട്ടാക്കി മാറ്റുമെന്നും പറഞ്ഞിരുന്നു.
അയല്‍രാജ്യങ്ങള്‍ ഫലസ്തീനികളെ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിക്കുകയാണ് ചെയ്തത്.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി അറേബ്യയില്‍ ഫലസ്തീനികള്‍ക്കായി ഒരു രാഷ്ട്രം രൂപീകരിക്കാന്‍ സൗദികള്‍ക്ക് കഴിയുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ ഫലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത് വരെ, അതിനുള്ള നടപടിയുണ്ടാകുന്നതുവരെ ഇസ്രഈലുമായുള്ള ബന്ധം അനിശ്ചിതത്വത്തിലായിരിക്കുമെന്ന് സൗദി അറിയിക്കുകയായിരുന്നു.
ട്രംപിന്റെ തീരുമാനത്തെ ഡെമോക്രാറ്റിക് എം.പിമാരും യു.എസിന്റെ സഖ്യകക്ഷികളും അന്താരാഷ്ട്ര സംഘടനകളും അപലപിക്കുകയും ചെയ്തിരുന്നു.
ഡാറ്റ ഫോര്‍ പ്രോഗ്രസ് നടത്തിയ സര്‍വേയില്‍, യു.എസ് വോട്ടര്‍മാരിലെ 64 ശതമാനം പേരും ട്രംപിന്റെ ഗസ പദ്ധതിയെ അംഗീകരിക്കുന്നില്ല. അതേസമയം ദി ഇക്കണോമിസ്റ്റും യൂഗോവും നടത്തിയ സര്‍വേയില്‍ ഡെമോക്രാറ്റുകളില്‍ 35 ശതമാനം പേര്‍ ഫലസ്തീനികളെ പിന്തുണക്കുന്നുവെന്നും ഒമ്പത് ശതമാനം ഇസ്രഈലികള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതായും പറയുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം 47000ത്തിലധികം ഫലസ്തീനികള്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഗസയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തിലാണ് നിഗമനം.
Content Highlight: Trump’s move to seize Gaza; Rabbis and Artists protest ad in New York Times