|

'ഇനി ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ അനുവദിക്കരുത്'; ട്രംപിനെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ ജനത; സര്‍വേ ഫലങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവേ പ്രസിഡന്റിനെ കൈവിട്ട് അമേരിക്കന്‍ ജനതയും. അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്.

ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. മറ്റു രണ്ട് സര്‍വേകളിലും ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്.

പ്യൂ റിസര്‍ച്ച് സെന്ററും വാഷിംഗ്ടണ്‍ പോസ്റ്റ് – എ.ബി.സി ന്യൂസും റോയിട്ടേഴ്‌സും നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. 29 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ ചെറിയ തോതിലെങ്കിലും അനുകൂലിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം വരുന്ന മുതിര്‍ന്നവരും ക്യാപിറ്റോള്‍ ആക്രമണത്തെ പരസ്യമായി തന്നെ എതിര്‍ക്കുന്നവരാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസാക്കിയിരുന്നു. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.

ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.

ജനുവരി പതിനൊന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump’s approval rating slides in US Polls, Majority asks for his removal after Capitol attack