വാഷിംഗ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ പരിഹാരം കാണാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാനപദ്ധതി പ്രഖ്യാപിച്ചു.
വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അധിനിവേശത്തെ അംഗീകരിക്കുന്നതാണ് പുതിയ നയം. ഒപ്പം ഇസ്രഈലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേ സമയം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഫലസ്തീന് തലസ്ഥാനമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
പുതിയ നയപ്രകാരമുള്ള ഇസ്രഈല്‍-ഫലസ്തീന്റെ വെസ്റ്റ്ബാങ്കിലെ അതിര്‍ത്തികളും ജറുസലേമിന്റെ അധികാരപരിധിയും ഉള്‍പ്പെടുന്ന പുതിയ മാതൃകാ മാപ്പും ട്രംപ് മുന്നോട്ട് വെച്ചു.
പ്രായോഗികമായ നയമാണ് തന്റേതെന്നും ഫലസ്തീന്‍ പൗരര്‍ക്കോ ഇസ്രഈല്‍ പൗരര്‍ക്കോ അവരുടെ രാജ്യത്ത് നിന്ന് പുറത്തു പോവേണ്ടി വരില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് പുതിയ നയം പ്രഖ്യാപിച്ചത്.
ഫലസ്തീനികള്‍ക്കുള്ള അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. “ഫലസ്തീനികള്‍ ദാരിദ്ര്യത്തിലും കലാപത്തിലുമാണ്. തീവ്രവാദികള്‍ അവരെ ഉപയോഗിക്കുകയാണ്. അവര്‍ മെച്ചപ്പെട്ട ജീവിതം അര്‍ഹിക്കുന്നു,” ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ പുതിയ നയപ്രഖ്യാപനത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ് തിരസ്‌കരിച്ചു. ട്രംപിന്റെ നയം ഗൂഡാലോചനയാണ് എന്നാണ് ഇസ്രഈല്‍ പ്രസിഡന്റ് പ്രതികരിച്ചത്.
” ജറുസലേം വില്‍പ്പനയ്ക്കുള്ളതല്ല. ഞങ്ങളുടെ അവകാശങ്ങള്‍ വില്‍പ്പനയ്ക്കും വിലപേശലിനുമുള്ളതല്ല. നിങ്ങളുടെ നയം ഗൂഡാലോചനയുടെ ഭാഗമാണ്,” മഹ്മൂദ് അബ്ബാസ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രംപിന്റെ മരുമകന്‍ ജരേദ് കുഷ്‌നരുടെ നേതൃത്വത്തിലാണ് പുതിയ നയം നിര്‍മിച്ചത്. 4 ലക്ഷം ഇസ്രഈല്‍ പൗരരാണ് നിലവില്‍ ഇസ്രഈല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നത്.
അമേരിക്കയില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളും ഇസ്രഈലില്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ വിചാരണ നടക്കാനിരിക്കെയുമാണ് ഇരുനേതാക്കളുമൊരുമിച്ചുള്ള പുതിയ പ്രഖ്യാപനം.
ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കിയിരുന്നത്.
ഇസ്രഈല്‍-ഫല്സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫലസ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടുമുണ്ടായിരുന്നില്ല.
ട്രംപിന്റെ നയപ്രഖ്യാപനം ഫലസ്തീനിലേക്കുള്ള ഇസ്രഈലിന്റെ അനധികൃത താല്‍ക്കാലിക അധിനിവേശത്തെ സ്ഥിരമാക്കി മാറ്റുമെന്നാണ് ഫല്സതീന്റെ മുഖ്യ മധ്യസ്ഥകനായ സയിബ് ഇക്രത് എ.എഫ്.പി യോട് നേരത്തെ പ്രതികരിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതു മുതല്‍ എടുത്തു വരുന്ന ഇസ്രഈല്‍ അനുകൂല നീക്കങ്ങളാല്‍ തന്നെ പുതിയ നയവും ഫലസ്തീന് എതിരായിരിക്കുമെന്ന് ഫല്സതീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് ഉറപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ അധിനിവേശം ആഗോള നിയമത്തിനെതിരല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.