| Sunday, 13th December 2020, 9:47 am

ഒടുവില്‍ ട്രംപിനെ പൂര്‍ണമായും കൈവിട്ട് ഇന്ത്യ; വ്യാപാരക്കരാറുകള്‍ക്ക് ട്രംപ് ഭരണം തുരങ്കം വെച്ചു; പ്രതീക്ഷ ബൈഡനിലെന്ന് വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറുകള്‍ ഇന്ത്യ വലിയ താത്പര്യത്തോടെയും ഗൗരവത്തോടെയുമാണ് കണ്ടതെന്നും എന്നാല്‍ ട്രംപ് ഭരണകൂടം ഇതിനൊരിക്കലും അര്‍ഹമായ പ്രധാന്യം നല്‍കിയിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍.

ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ഇരിക്കുന്നതിടയിലാണ് അദ്ദേഹത്തെ വ്യാപാരക്കരാറുകളില്‍ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയുമായുള്ള വ്യാപാര കരാറുകളില്‍ കൂടുതല്‍ ശ്രദ്ധയും താത്പര്യവും കാണിക്കുമെന്ന് കരുതുന്നതായും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ- അമേരിക്ക വ്യാപാര കരാറുകളില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവ് ഉണ്ടാവാത്തതിന് ട്രംപ് ഭരണത്തെയും അമേരിക്കന്‍ വ്യാപാര വാണിജ്യ പ്രതിനിധികളെയും കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ജയശങ്കര്‍ നടത്തിയത്.

ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണായകമായി ഒരു വ്യപാരകരാര്‍ ഉരുത്തിരിഞ്ഞു വരാത്തതിന് ഡൊണാള്‍ഡ് ട്രംപിനെ ജയശങ്കര്‍ കുറ്റപ്പെടുത്തിയത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ മറ്റ് വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചെങ്കിലും വ്യാപാര മേഖലയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ വ്യാപാര വാണിജ്യ പ്രതിനിധി നിയമപരമായ പ്രശ്‌നങ്ങളും വിലയും ചൂണ്ടിക്കാണിച്ച് നിരന്തരം തെറ്റായ നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കാനിരിക്കെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുമെന്ന സൂചനയാണ് വിദേശകാര്യമന്ത്രി നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump regime blocked trade deal; Jaishankar

We use cookies to give you the best possible experience. Learn more