കൊവിഡ് ചികിത്സയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തി; മാസ്‌ക് ഊരിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ട്രംപ്
international
കൊവിഡ് ചികിത്സയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തി; മാസ്‌ക് ഊരിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 7:58 am

വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് പിന്നാലെ സുരക്ഷാ മാസ്‌ക് ഊരിമാറ്റിയാണ് ട്രംപ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.

വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ആശുപത്രിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കെത്തിയ ട്രംപ് പടികള്‍ കയറവെ മാസ്‌ക് ഊരിമാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈകാണിച്ച ട്രംപ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയത്. ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന വിവരങ്ങളും പുറത്ത് വന്നത്.

തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ 20 വര്‍ഷം ചെറുപ്പമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ട്രംപിന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡെക്സാമെഥസോണ്‍ എന്ന സ്റ്റിറോയ്ഡ് നല്‍കിയിരുന്നു. കൊവിഡ് സാരമായി ബാധിക്കുന്ന അവസരത്തിലാണ് സാധാരണ ഗതിയില്‍ ഡെക്സാമെഥസോണ്‍ നല്‍കാറ്.

കുറച്ച് ദിവസങ്ങളായി ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ട്രംപ് തന്റെ അണികളെ കണ്ടിരുന്നു. കാറില്‍ ഇരുന്നുകൊണ്ട് ട്രംപ് അണികളെ കൈവീശിക്കാണിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ട്രംപിനെ ചികിത്സിക്കുന്ന വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററിന് പുറത്ത് തടിച്ച് കൂടിയവരെ അഭിസംബോധന ചെയ്യാനാണ് ട്രംപ് കാറിലെത്തിയത്.

എന്നാല്‍ ട്രംപ് പുറത്തിറങ്ങിയതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ‘രാഷ്ട്രീയ നാടക’ത്തിനായി വാഹനത്തിലുള്ള മറ്റുള്ളവരും അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്നാണ് അവര്‍ പറഞ്ഞത്.

അതേസമയം പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ജോ ബൈഡന്റെ കൊവിഡ് പരിശോധനാ ഫലം മൂന്നാം തവണയും നെഗറ്റീവായി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാലാണ് ബൈഡന്‍ തുടര്‍ച്ചയായി കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്.

ട്രംപിന് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ബൈഡന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ജനതയോട് തെറ്റായ വാര്‍ത്തകളില്‍ വീഴരുതെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump reached White House after treatment