വാഷിങ്ടണ്‍: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ ക്യാമ്പസുകളില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാർക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ യു.എസില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഞാന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. കൊളംബിയ സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. ഇതേ മാതൃക പ്രതിഷേധം നടക്കുന്ന എല്ലാ ക്യാമ്പസുകളിലും പൊലീസ് തുടരണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ അമേരിക്കയിലെ ക്യാമ്പസുകളിലാകെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ ക്യാമ്പസുകളില്‍ നിന്നായി 2000ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഭീകരാവാദത്തിനെതിരെ യുദ്ധം തുടരാനുള്ള അവകാശം ഇസ്രഈലിന് ഉണ്ടെന്ന് ട്രംപ് ഇതിന് മുമ്പും പ്രതികരിച്ചിരുന്നു. ഗസയിലെ യുദ്ധത്തില്‍ ഇസ്രഈല്‍ തോല്‍ക്കുകയാണെന്നും എന്നാല്‍ തുടങ്ങിയത് അവരെ സംബന്ധിച്ച് അവസാനിപ്പിച്ചേ പറ്റുള്ളുവെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, റഫയില്‍ ഇപ്പോഴും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി റഫയിലെ അഭാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ചൊവ്വാഴ്ചയും റഫയില്‍ ആക്രമണം തുടരുകകയാണ്. സുരക്ഷിത മേഖലയായിരുന്ന റഫയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രഈല്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുദ്ധം റഫയിലേക്കും എത്തിയതോടെ നിരവധി ഫലസ്തീനികള്‍ക്ക് റഫയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു.
Content Highlight: Trump promises crackdown on pro-Palestinian protests if elected