World News
പാകിസ്ഥാന്‍ പൗരന്മാരുടെ അമേരിക്കന്‍ പ്രവേശനം നിയന്ത്രിക്കാനൊരുങ്ങി ട്രംപ്; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 04:17 am
Friday, 7th March 2025, 9:47 am

വാഷിങ്ടണ്‍: പാകിസ്ഥാന്‍ പൗരന്മാരുടെ അമേരിക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ യാത്രാവിലക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നും അടുത്ത ആഴ്ചയോടെ പ്രാബല്യത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യങ്ങളുടെ സുരക്ഷ, സൂക്ഷ്മ പരിശോധന അപകടസാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് രണ്ടാമത്തെ ടേമില്‍ അധികാരമേറ്റതിന് പിന്നാലെ ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി യു.എസിലേക്ക് പ്രവേശിക്കുന്ന ഏതൊരാളുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

പരിശോധനയും സ്‌ക്രീനിങ് വിവരങ്ങളും കുറവായതിനാല്‍ തന്നെ യാത്ര ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവെയ്‌ക്കേണ്ട രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 12നകം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമല്ല, മറ്റ് രാജ്യങ്ങളും ഉള്‍പ്പെട്ടേക്കാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സഹായിച്ചതിന് അമേരിക്ക കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ അഭിനന്ദിച്ചിരുന്നു. ഭീകരരെ പിടികൂടാന്‍ സഹായിച്ചതിന് പാകിസ്ഥാനോട് പ്രത്യേക നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.

ട്രംപിന്റെ അഭിനന്ദനത്തിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിക്കുകയും വാഷിങ്ടണും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പുതുക്കലാണിതെന്നും ഷെരീഫ് പറഞ്ഞിരുന്നു.

Content Highlight: Trump preparing to restrict entry of Pakistani citizens into the US: Report