യു.എന്നിലെ യു.എസ് അംബാസിഡറായി ഇസ്രഈല്‍ അനുകൂലിയെ തെരഞ്ഞെടുത്ത് ട്രംപ്
World News
യു.എന്നിലെ യു.എസ് അംബാസിഡറായി ഇസ്രഈല്‍ അനുകൂലിയെ തെരഞ്ഞെടുത്ത് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 9:21 am

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസിഡറായി ഇസ്രഈല്‍ അനുകൂലിയും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയുമായ വനിതയെ തെരഞ്ഞെടുത്ത് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് വുമണ്‍ എലീസ് സ്‌റ്റെഫാനിക്കിനെയാണ് യു.എസ് അംബാസിഡറായി തെരഞ്ഞെടുത്തത്.

അന്താരാഷ്ട്ര സംഘടനയില്‍ അമേരിക്കയെ പ്രതിനിധീകരിക്കാന്‍ വിദേശനയ പരിചയവും ഇസ്രഈല്‍ അനുകൂലമായ കാഴ്ചപ്പാടുമുള്ള പ്രതിനിധിയെ തെരഞ്ഞെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തിയും മിടുക്കുമുള്ള അമേരിക്കയുടെ പോരാളിയാണ് എലിസ് സ്‌റ്റെഫാനിക്കെന്നാണ് ട്രംപിന്റെ വിശേഷണം.

ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിന് എലിസ് സ്റ്റെഫാനിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.

ഐക്യരാഷ്ട്ര സഭ ഗസയ്ക്ക് പിന്തുണ നല്‍കിയ സമയങ്ങളില്‍ സഭയ്ക്കുള്ള യു.എസ് ഫണ്ടിങ്ങിന് നിയന്ത്രണം കൊണ്ടുവരണമെന്ന് എലിസ് വാദിച്ചിരുന്നു. ഗസയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇസ്രഈലിനെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് പുറത്താക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ ശ്രമവുമായി ബന്ധപ്പെട്ടായിരുന്നു വാദം.

ദീര്‍ഘകാലമായി ട്രംപിന്റെ സഖ്യകക്ഷികളിലൊരാളായി പ്രവര്‍ത്തിച്ച എലിസ് ഇസ്രഈലിനെ പിന്തുണക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിന് യു.എന്നില്‍ നിന്നും വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന വിമര്‍ശനമുന്നയിക്കുകയും ചെയ്ത വ്യക്തിയാണ് എലിസ്.

തിങ്കളാഴ്ച ട്രംപിന്റെ പ്രഖ്യാപനം വന്നതിന് ശേഷം ഇസ്രഈല്‍ അന്താരാഷ്ട്ര വക്താവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എലിസ് സ്റ്റെഫാനിക്കുമായി ചേര്‍ന്ന് ശത്രുരാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന നുണകള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നായിരുന്നു ഇസ്രഈല്‍ വക്താവിന്റെ പ്രതികരണം.

യു.എന്‍ അംബാസിഡറായി 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന് പകരമായാണ് എലിസ് യു.എസ് അംബാസിഡറായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

യു.എസ് അംബാസിഡറായി എലിസിനെ ട്രംപ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അവര്‍ പ്രതികരിച്ചിരുന്നു. നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷമുണ്ടെന്നും സെനറ്റില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് വേണ്ടി കാത്തിരിക്കുമെന്നുമാണ് അവര്‍ പ്രതികരിച്ചിരുന്നത്.

അമേരിക്ക ലോകത്തിന്റെ വഴികാട്ടിയായി തുടരുമെന്നും തങ്ങള്‍ ആഗ്രഹിക്കുന്ന സമാധാനത്തിനായി എല്ലാ സഖ്യകക്ഷികളും ശക്തമായ പങ്കാളികളായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എലിസ് മാധ്യമങ്ങളോട് പറഞ്ഞു.

വിദേശനയത്തിലും ദേശീയ സുരക്ഷയിലും എലിസിന് പരിചയമുണ്ടെന്നും ഹൗസ് ആര്‍മ്ഡ് സര്‍വീസസ് കമ്മറ്റിയില്‍ പ്രവര്‍ത്തന പരിചയമുണ്ടെന്നും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോളേജ് കാമ്പസുകളിലും മറ്റും യൂണിവേഴ്‌സിറ്റി പ്രസിഡന്റുമാരുടെ പ്രതിഷേധങ്ങളിലും കോണ്‍ഗ്രസ് ഹിയറിങ്ങുകളിലും ഇവര്‍ നേതൃത്വം നല്‍കിയിട്ടുള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Trump picks pro-Israel as US ambassador to UN