വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ യമനിലെ ഹൂത്തി താവളങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂത്തികള്‍ ആക്രമണം നടത്തിയെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെ, യമനിലെ ഹൂത്തികൾക്കെതിരെ ശക്തമായ സൈനിക നടപടി ആരംഭിക്കാൻ യു.എസ് സൈന്യത്തിനോട് ട്രംപ് ഉത്തരവിടുകയായിരുന്നു.
ഹൂത്തികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ‘അവർ അമേരിക്കൻ കപ്പലുകൾക്കും മറ്റ് കപ്പലുകൾക്കും വിമാനങ്ങൾക്കുമെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ ഞങ്ങൾ അതിശക്തമായ ആക്രമണം നടത്തിക്കൊണ്ടേയിരിക്കും. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിക്കും കഴിയില്ല,’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുപയോഗിച്ച് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ യു.എസ് വ്യോമ, നാവിക സേന ആക്രമിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ എ.ബി.സി ന്യൂസിനോട് പറഞ്ഞു. ഹൂത്തികൾക്കെതിരായ ഒരു പ്രാരംഭ ആക്രമണം മാത്രമാണിതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സനയിൽ യു.എസ് ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും യെമൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനനുസരിച്ച് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കൻ പ്രവിശ്യയായ സാദയിൽ യു.എസ് നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടി.വി റിപ്പോർട്ട് ചെയ്തു.
ട്രംപ് തന്റെ രണ്ടാം ടേമിൽ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയാണ് ഈ ആക്രമണം. ഹൂത്തികളെ പിന്തുണക്കുന്നത് നിർത്തണമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്ക് ഇറാൻ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരുമെന്നും ട്രംപ് പറഞ്ഞു.
ഗസയിൽ ഇസ്രഈൽ ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി ഇസ്രഈലി കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ വ്യോമാക്രമണം. ഹൂത്തികൾ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൂത്തി ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്ന പ്രസ്ഥാനം 2023 നവംബർ മുതൽ 100ലധികം കപ്പൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആ കാലയളവിൽ, അവർ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കുറഞ്ഞത് നാല് നാവികരെ ആക്രമണത്തിൽ ഹൂത്തികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തി. ഇതോടെ കമ്പനികളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകൾ വഴിതിരിച്ച് വിടേണ്ടി വന്നു. ജനുവരിയിൽ ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആക്രമണങ്ങൾ കുറഞ്ഞു.
Content Highlight: Trump orders US to launch airstrikes on Houthi bases in Yemen