വാഷിങ്ടൺ: ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം നിർത്തിവെക്കാനാണ് ട്രംപ് സർക്കാർ ഉത്തരവിട്ടത്. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തിവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം.
യു.എസ്.എ.ഐ.ഡിയിൽ പ്രവർത്തിക്കുന്ന ഏതാനും കോൺട്രാക്ടർമാർക്ക് ഇതുസംബന്ധിച്ച മെമോ ലഭിച്ചതായാണ് വിവരം. ഇതോടെ എച്ച്.ഐ.വി ബാധിതരായ 20 ദശലക്ഷം ആളുകൾക്കുള്ള മരുന്ന് വിതരണം ഉടൻ അവസാനിപ്പിക്കുമെന്ന് യു.എസ്.എ.ഐ.ഡി മുൻ മേധാവി അതുൽ ഗവാൻഡെ അറിയിച്ചു.
ലോകമെമ്പാടുമുള്ള 25 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ നിലനിർത്തിയതിന്റെ ബഹുമതിയായി ജോർജ് ഡബ്ല്യു. ബുഷ് ആരംഭിച്ച ആഗോള ആരോഗ്യ പരിപാടിയായ എയ്ഡ്‌സ് റിലീഫിനായുള്ള പ്രസിഡൻ്റിൻ്റെ എമർജൻസി പ്ലാനും (PEPFAR) ട്രംപിന്റെ വിലക്ക് നേരിടുന്നുണ്ട്.
യു.എസിന്റെ PEPFAR ഫണ്ടും നിർത്താലായാൽ, വരും വർഷങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ മാത്രം 600,000 ജീവനുകൾ നഷ്ടപ്പെടുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളെ യു.എസിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ സാരമായി ബാധിക്കുകയൂം ചെയ്യും. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കും മറ്റ് ഓർഗനൈസേഷനുകളിലേക്കുമാണ് യു.എസ് PEPFAR ഫണ്ട് നൽകുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദേശനയങ്ങൾ ലോകമെമ്പാടും യു.എസ് ധനസഹായം നൽകിവരുന്ന മാനുഷിക, വികസന പരിപാടികൾ മുടങ്ങുന്നതിനും വെള്ളം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള നിർണായകമായ വികസന പദ്ധതികളെ ദോഷകരമായും ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
ഉക്രൈനടക്കമുള്ള ലോകരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായമാണ് ട്രംപ് നിർത്തലാക്കിയത്. മൂന്ന് മാസത്തേക്കാണ് സാമ്പത്തിക സഹായം നിർത്തിവെച്ചിരിക്കുന്നത്.
കൊവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തത്, ആവശ്യമായ പരിഷ്‌കാരങ്ങൾ നടത്തുന്നതിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പരാജയപ്പെട്ടു, യു.എസിൽ നിന്ന് സംഘടന വലിയ തുക വാങ്ങുന്നു,
എന്നാൽ ചൈന വളരെ കുറച്ച് പണം മാത്രമാണ് നൽകുന്നത് എന്നീ കാരണങ്ങൾ ആരോപിച്ച് ഡബ്ല്യു.എച്ച്.ഒയിൽ നിന്ന് പിന്മാറുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവായിരുന്നു യു.എസ്.
Content Highlight: Trump ordered to stop the supply of life-saving drugs