World News
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്കയക്കാന്‍ ഉത്തരവിട്ട് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 08:16 am
Thursday, 30th January 2025, 1:46 pm

വാഷിങ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി 30,000ത്തോളം കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ തടവറകള്‍ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു.

ആക്രമണത്തിന് ശേഷം ഭീകരവാദ പ്രതികളെ തടവിലാക്കിയതിന് കുപ്രസിദ്ധിയാര്‍ജിച്ച ജയിലാണ് ഗ്വാണ്ടനാമോയിലേക്കാണ് കുടിയേറ്റക്കാരെ അയക്കാനുള്ള ട്രംപിന്റെ ഉത്തരവ്.

രേഖകളില്ലാത്ത 30,000 പേരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാനാണ് തീരുമാനമെന്നും ഇതിലൂടെ കുടിയേറ്റം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അത്തരത്തിലൊരു ചുവടുവെപ്പാണിതെന്നും ട്രംപ് പറഞ്ഞു. ഇത് രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഹോള്‍ഡിങ് സെന്ററുകളാണെന്നും ട്രംപ് പ്രഖ്യാപിച്ചു.

ബുധനാഴ്ച (ഇന്നലെ) റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തന്റെ ആദ്യത്തെ പ്രധാനനിയമനിര്‍മാണ ലേക്കണ്‍ റൈലി ആക്ടില്‍ ഒപ്പുവെച്ചതോടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

യു.എസില്‍ താമസിക്കുന്ന 11 ദശലക്ഷത്തോളം രേഖകളില്ലാത്ത ആളുകളെ ലക്ഷ്യമിട്ടാണ് കൂട്ട നാടുകടത്തലെന്നത് നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ട്രംപിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ തീരുമാനം അതിക്രൂരമായ തീരുമാനമാണെന്ന് ക്യൂബ പ്രതികരിച്ചു. അതിക്രൂരമായ നടപടിയാണിതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ പറഞ്ഞു.

പ്രഖ്യാപനം മനുഷ്യാവസ്ഥയോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള അവഹേളനമാണെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.

പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമെന്നാണ് കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോയെ ട്രംപ് വിശേഷിപ്പിച്ചത്. 9/11 ആക്രമണത്തിനുശേഷം തീവ്രവാദി ബന്ധം സംശയിച്ച് നിരവധിപേരെ ഗ്വാണ്ടനാമോയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Trump ordered to send illegal immigrants to Guantanamo prison