വാഷിങ്ടണ്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസ് അംഗം മാറ്റ് ഗേറ്റ്‌സിനെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഡൊണാള്‍ഡ് ട്രംപ്. ഗേറ്റ്‌സിനെ തള്ളിയതിന് പിന്നാലെ പാം ബോണ്ടിയെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് ട്രംപ് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
മാറ്റ് ഗേറ്റ്‌സിനെ അറ്റോര്‍ണി ജനറലായി നിയമിക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികളില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെയുളള ലൈംഗികാതിക്രമം, ലഹരി മരുന്ന് ഉപയോഗം തുടങ്ങിയ ആരോപണങ്ങളാണ് ഗേറ്റ്‌സിനെതിരെ നിലനില്‍ക്കുന്നത്.
ആരോപണങ്ങളില്‍ യു.എസ് കോണ്‍ഗ്രസിലെ ഹൗസ് എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനുപിന്നാലെയാണ് ഗേറ്റ്‌സിനെ തള്ളി പാം ബോണ്ടിയെ അറ്റോര്‍ണി ജനറലായി ശുപാര്‍ശ ചെയ്യുന്നത്.
2011 മുതല്‍ 2019 വരെ ഫ്‌ളോറിഡ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചിരുന്ന സെനറ്ററാണ് പാം ബോണ്ടി. ഫ്‌ളോറിഡ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കൂടിയായിരുന്നു അവര്‍.
അഭിഭാഷകയായ പാം ബോണ്ടി 2012ല്‍ പ്രസിഡന്റ് ഒബാമ നടപ്പിലാക്കിയ ‘അഫോര്‍ഡബിള്‍ കെയര്‍ ആക്ട്’അസാധുവാക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയ റിപ്പബ്ലിക്കന്‍ നേതാവാണ്.
2016ല്‍ ഫ്‌ളോറിഡയില്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചതിന് പിന്നാലെ പാം ബോണ്ടി രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്രംപ് സ്ഥാപിച്ച ‘അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിട്യൂഷ്യന്‍’ന്റെ തലവ കൂടിയാണ് ബോണ്ടി. ട്രംപിനെതിരായ ഇംപീച്ച്മെന്റില്‍ പ്രതിരോധം തീര്‍ത്ത റിപ്പബ്ലിക്കന്‍ നേതാവുമാണ് പാം ബോണ്ടി.
അതേസമയം യു.എസ് പ്രതിരോധ സെക്രട്ടറിയായി ട്രംപ് ശുപാര്‍ശ ചെയ്തിട്ടുള്ള പീറ്റ് ഹെഗ്സെത്തിനെതിരായും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫോക്സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്സെത്ത് തന്നെ ഹോട്ടല്‍ റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാലിഫോര്‍ണിയ സ്വദേശിയായ യുവതി അടുത്തിടെ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി 27കാരിയായ കരോലിന ലെവിറ്റ നിയോഗിക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപിനായി പ്രവര്‍ത്തിച്ച കരോലിന ആദ്യവട്ടം ട്രംപ് പ്രസിഡന്റായപ്പോള്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
Content Highlight: Trump nominates Pam Bondi as attorney general