| Friday, 9th October 2020, 4:22 pm

'ട്രംപിനെ നോബേലും കൈവിട്ടു' സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ ഫുഡ് പ്രോഗ്രാമിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോര്‍വേ: 2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യു.എന്‍ സംഘടനയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് പുരസ്‌കാരം ലഭിച്ചത്. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം. പട്ടിണി ആയുധമാക്കാനുള്ള നീക്കത്തിന് തടയിടാനും സംഘര്‍ഷബാധിത പ്രദേശങ്ങളിലെ സാഹചര്യം മെച്ചപ്പെടുത്താനും പ്രോഗ്രാമിന് സാധിച്ചുവെന്ന് നോബേല്‍ പുരസ്‌കാര നിര്‍ണയ ജൂറി പ്രഖ്യാപനവേളയില്‍ അറിയിച്ചു.

അതേസമയം സമാധാനത്തിനുള്ള നോബേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിച്ചില്ലെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നു. പാര്‍ലമെന്റ് അംഗമായ ക്രിസ്ത്യന്‍ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളടക്കം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ആഗോളതലത്തില്‍ നടത്തിയ ഇടപെടലുകളെ പ്രകീര്‍ത്തിച്ചുക്കൊണ്ടാണ് ട്രംപിനെ പുരസ്‌കാരത്തിനായി പരിഗണിക്കാന്‍ ക്രിസ്ത്യന്‍ ആവശ്യപ്പെട്ടിരുന്നത്.

നോബേല്‍ പുരസ്‌കാരത്തിന്റെ അവസാന ഘട്ട നാമനിര്‍ദേശപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ നോബേല്‍ കമ്മിറ്റി പുറത്തുവിടാറില്ല. അതിനാല്‍ തന്നെ ട്രംപ് ഈ പട്ടികയിലുണ്ടായിരുന്നോ എന്ന കാര്യം അറിയാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം 2021ലെ നോബേല്‍ പുരസ്‌കാരത്തിനാണ് ട്രംപിന് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നതിനാല്‍ അടുത്ത വര്‍ഷമേ ട്രംപിന് സമാധാന നോബേല്‍ ലഭിക്കുമോയെന്ന കാര്യം ഉറപ്പിക്കാനാവൂ എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചതിന് ട്രംപിന് നോബേല്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ ട്രംപിന്റെ ഇത്തരം നീക്കങ്ങളെല്ലാം പാളിയത് ചൂണ്ടിക്കാണിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ചൈന, ഫലസ്തീന്‍-ഇസ്രഈല്‍ തുടങ്ങി ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള നിരവധി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും ട്രംപിന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരുന്നത്.

അധികാരത്തിലേറിയ സമയം മുതല്‍ വിവാദപരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ട്രംപ് കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് പറഞ്ഞതും കൊറോണയെ ചൈന വൈറസ് എന്ന് വിളിച്ചതും വലിയ വിവാദങ്ങള്‍ക്കും ചൈനയുമായുള്ള തുറന്ന വാക്ക്പോരിനും വഴിവെച്ചിരുന്നു.

നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നത് ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയകളിയാണെന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് തുല്യനാണ് താന്‍ എന്ന് തെളിയിക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump misses out on 2020 Nobel Peace Prize

We use cookies to give you the best possible experience. Learn more