വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് അഞ്ച് മാസം കഴിയുമ്പോള്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ 100 കള്ളങ്ങള്‍ നിരത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ സ്പെഷ്യല്‍ പേജ്. “ട്രംപ് ലൈസ്” എന്ന തലക്കെട്ടോടെ ഒരു മഴുവന്‍ പേജാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞയാഴ്ച ട്രംപിന്റെ കള്ളങ്ങള്‍ക്കായി മാറ്റിവെച്ചത്.
പല അമേരിക്കക്കാരും ട്രംപിന്റെ കള്ളം കേട്ട് ശീലിച്ചു കഴിഞ്ഞു. പക്ഷെ അത് പതിവായി വരുന്നത് അനുവദിക്കാന്‍ കഴിയാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ സ്പെഷ്യല്‍ പേജ് തുടങ്ങുന്നത്.
ഇറാഖ് യുദ്ധം, നാറ്റോ, യാത്രാ നിരോധനം, 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത് വന്നിരിക്കുന്നത്.
Dont miss
ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആദ്യ 40 ദിവസങ്ങളില്‍ എല്ലാ ദിവസവും കള്ളങ്ങളും അസത്യങ്ങളായ ആത്മപ്രശംസകളും നിരന്തരം നടത്തിയിരുന്നു എന്നും ഇന്‍ഫോഗ്രാഫിക്സിന്റെ അടക്കം സഹായത്തോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് അവതരിപ്പിച്ചത്.