വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനാഭിപ്രായം ചൈനീസ് സര്‍ക്കാരിന് എതിരാക്കി മാറ്റാനും അമേരിക്കയിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സി.ഐ.എ ഓപറേഷനെക്കുറിച്ച് അറിവുള്ള ഒരു മുന്‍ ഉദ്യോഗസ്ഥന്റേതാണ് വെളിപ്പെടുത്തലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതു.
ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തി രണ്ടാം വര്‍ഷമാണ് നടപടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വിദേശ വാര്‍ത്താ ഔട്ട്‌ലെറ്റുകളിലേക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും വ്യാജ ഐ.ഡി ഉപയോഗിച്ച് 2019ല്‍ സി.ഐ.എ ഒരു സംഘത്തെ രൂപീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സി.ഐ.എ പ്രചരിപ്പിച്ച വാര്‍ത്തകളില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് അനധികൃതമായി പണം സമ്പാദിക്കുന്നതായും ആരോപണവും ഉയർന്നിരുന്നു. ചൈനയുടെ ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന തന്ത്രമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി അഴിമതിയിൽ മുങ്ങിയതാണെന്നും പ്രചരണം ഉണ്ടായി.
ചൈനീസ് സര്‍ക്കാരിനെ വേട്ടയാടാന്‍ ലക്ഷ്യമിട്ടുള്ള നടപടിയാണ് ട്രംപ് സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ചൈന ആഗോള തലത്തില്‍ അതിവേഗം വികസിച്ചതും, വികസിത രാജ്യങ്ങളുമായി വ്യാപാര ഇടപാടുകള്‍, സൈനിക കരാറുകള്‍ എന്നിവയില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്.
ഇതാണ് ചൈനക്കെതിരായ അമേരിക്കന്‍ നടപടിയുടെ പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.
അതേസമയം, ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സി.ഐ.എ തയ്യാറായില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ യു.എസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചതായി പ്രസ്താവനയിലൂടെ തെളിഞ്ഞെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വാര്‍ത്തയോട് പ്രതികരിച്ചു.
എന്നാല്‍ സി.ഐ.എ ഓപ്പറേഷന്‍ ചൈനയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്നും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഈ രഹസ്യ ഓപറേഷന്‍ തുടരുന്നുണ്ടോ എന്നും സ്ഥിതീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Trump launched CIA covert influence operation against China