'മര്‍ക്കടമുഷ്ടിയുള്ള ദുര്‍മുഖക്കാരനാണ് മിച്ച് മക്കണല്‍'; അയാളെക്കൊണ്ട് റിപ്പബ്ലിക്കന്‍കാര്‍ അധികം പോകില്ല; വീണ്ടും കളത്തിലിറങ്ങി ട്രംപ്
World News
'മര്‍ക്കടമുഷ്ടിയുള്ള ദുര്‍മുഖക്കാരനാണ് മിച്ച് മക്കണല്‍'; അയാളെക്കൊണ്ട് റിപ്പബ്ലിക്കന്‍കാര്‍ അധികം പോകില്ല; വീണ്ടും കളത്തിലിറങ്ങി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 1:16 pm

വാഷിംഗ്ടണ്‍: സെനറ്റ് മെജോരിറ്റേറിയന്‍ നേതാവ് മിച്ച് മക്കണലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മക്കണല്‍ മര്‍ക്കടമുഷ്ടിയുള്ള, ദുര്‍മുഖക്കാരനായ എന്തും ചെയ്യാന്‍ മടിക്കാത്ത രാഷ്ട്രീയക്കാരനാണെന്ന് ട്രംപ് പറഞ്ഞു. മക്കണലിനെക്കൊണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ഇനി വിജയിക്കുകയേ ഇല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപിനെതിരായ ഇംപിച്ച്‌മെന്റ് സെനറ്റില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപ് മിച്ച് മക്കണലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഫെബ്രുവരി 13ന് നടന്ന വോട്ടിങ്ങില്‍ ട്രംപിനെ കുറ്റവിമുക്തനാക്കുന്നതിന് അനുകൂലമായാണ് മക്കണല്‍ വോട്ട് ചെയ്തിരുന്നത്. എന്നാല്‍ ക്യാപിറ്റോള്‍ കലാപത്തിന്റെ സമയത്ത് ട്രംപിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്യാപിറ്റോളില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരന്‍ ട്രംപാണെന്ന് മക്കണല്‍ പറഞ്ഞിരുന്നു. ഒരുകാലത്ത് ട്രംപിന്റെ വിശ്വസ്തനായിരുന്ന മക്കണലിന് അവസാനകാലയളവില്‍ അദ്ദേഹവുമായി നിരവധി വിഷയങ്ങളില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു.

മിച്ച് മക്കണലിനെപ്പോലുള്ള നേതാക്കളെ വെച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരിക്കലും ശക്തരാകാനോ ബഹുമാനം പിടിച്ചുപറ്റാനോ സാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മേക്ക് അമേരിക്ക ഗ്രേറ്റ് ദൗത്യത്തിന് പിന്തുണ നല്‍കുന്ന റിപ്പബ്ലിക്കന്‍മാരെ താന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 20ന് അധികാരമൊഴിഞ്ഞതിനു ശേഷം ഫ്‌ളോറിഡ ക്ലബ്ബില്‍ തുടരുന്ന ട്രംപ് കുറ്റവിമുക്തനാക്കി വിധിക്ക് പിന്നാലെ
അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ചരിത്രപരവും, ദേശസ്നേഹപരവുമായ ദൗത്യം വീണ്ടും ആരംഭിക്കുകയാണ് എന്ന് പ്രതികരിച്ചിരുന്നു.

ജനുവരി 13നാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ തുടര്‍ നടപടികള്‍ സെനറ്റിന് വിടുകയായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി നടപ്പിലാകില്ലെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump lashes out at McConnell as Republican rift deepens