| Monday, 9th November 2020, 9:20 pm

'ട്രംപ് 70 ദിവസത്തിനുള്ളില്‍ പോവും, നമ്മള്‍ ഇവിടെ തന്നെ ഉണ്ടാവും'; അയല്‍ക്കാരോട് ഇറാന്‍, ശേഷിക്കുന്ന 70 ദിവസത്തിനുള്ളില്‍ ഇറാനെ പൂട്ടാന്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍: വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 70 ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയല്‍രാജ്യങ്ങള്‍ക്ക് സന്ദേശവുമായി ഇറാന്‍. ട്രംപ് 70 ദിവസത്തിനുള്ളില്‍ പോവും നമ്മള്‍ ഇവിടെ എക്കാലവും നിലനില്‍ക്കേണ്ടവരാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഞങ്ങളുടെ അയല്‍രാജ്യങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ സന്ദേശം, ട്രംപ് 70 ദിവസത്തിനുള്ളില്‍ പോവും. പക്ഷെ നമ്മള്‍ ഇവിടെ തന്നെ ഉണ്ടാവും. സംരക്ഷണത്തിനായി പുറത്തുനിന്നുള്ളവരോട് വാതുവെപ്പ് നടത്തുന്നത് ഒരിക്കലും നല്ല ചൂതാട്ടമല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനായുള്ള ചര്‍ച്ചയ്ക്കായി ഞങ്ങള്‍ തയ്യാറാണ്. ഒരുമിച്ച് നിന്നാലെ എല്ലാവര്‍ക്കുമായുള്ള നല്ല ഭാവി നമുക്ക് കെട്ടിപ്പടുക്കാനാവൂ,’ ഇറാന്‍ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.

ട്രംപിന് അധികാരം ബാക്കിനില്‍ക്കുന്ന 70 ദിവസത്തിനുള്ളില്‍ ഇറാനെതിരെ പുതിയ വിലക്കുകള്‍ ചുമത്താന്‍ ട്രംപ് നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ട്വീറ്റ്.

യു.എസ് ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് പ്രകാരം ട്രംപിന് അധികാരത്തില്‍ ശേഷിക്കുന്ന അടുത്ത 10 ആഴ്ചയില്‍ ഓരോ ആഴ്ച വീതവും ഓരോ വിലക്ക് ഇറാന് മേല്‍ ചുമത്താനാണ് നീക്കം നടത്തുന്നത്. പേരുവെളിപ്പെടുത്താത്ത രണ്ട് ഇസ്രഈലി ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചില അറബ് രാജ്യങ്ങളുമായി സഹകരിച്ചാണ് വിലക്ക് എന്നാണ് സൂചന.

ജനുവരി 20 നാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നത്. ഇറാനെതിരെയുള്ള ട്രംപിന്റെ നേരത്തെയുള്ള വിലക്കുകളെ ജോ ബൈഡന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇറാനുമായുള്ള 2015 ലെ ആണവകരാര്‍ പുനസ്ഥാപിക്കുമെന്ന് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more