| Thursday, 11th July 2019, 10:47 pm

'അതില്‍ വ്യാജവാര്‍ത്താ മാധ്യമങ്ങളും ഉണ്ടാകും'; മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെ ട്രംപ്; സാമൂഹ്യ മാധ്യമങ്ങളെ ഇകഴ്ത്തിയും പുകഴ്ത്തിയും ട്വീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മൂന്നുവര്‍ഷം മുന്‍പ് സാമൂഹ്യ മാധ്യമങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കിലും താന്‍ യു.എസിന്റെ പ്രസിഡന്റ് സ്ഥാനത്ത് ചിലപ്പോള്‍ എത്തുമായിരുന്നു എന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റുകളിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ആദ്യമിട്ട പോസ്റ്റുകളില്‍ സാമൂഹ്യ മാധ്യമങ്ങളെ തള്ളിപ്പറഞ്ഞെങ്കില്‍ ഉടന്‍തന്നെ ഇട്ട അടുത്ത പോസ്റ്റില്‍ നേരെ തിരിച്ചായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മുഖ്യധാരാ മാധ്യമങ്ങളെ വ്യാജവാര്‍ത്താ മാധ്യമങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസില്‍ ഇന്നു നടക്കുന്ന സാമൂഹ്യ മാധ്യമ ഉച്ചകോടിക്കു മുന്നോടിയായായിരുന്നു ട്വീറ്റുകള്‍.

‘സാമൂഹ്യ മാധ്യമങ്ങളില്ലായിരുന്നെങ്കില്‍ ഞാന്‍ പ്രസിഡന്റ് ആകുമായിരുന്നോ ? അതെ (ചിലപ്പോള്‍). ഇന്നു നടക്കുന്ന വൈറ്റ് ഹൗസ് സാമൂഹ്യ മാധ്യമ ഉച്ചകോടി ഒരു മികച്ച സംഭവമായിരിക്കും. അതില്‍ വ്യാജവാര്‍ത്താ മാധ്യമങ്ങളും ഉണ്ടാകും. പക്ഷേ കുറച്ചു സമയത്തേക്കു മാത്രം. വ്യാജവാര്‍ത്ത അത്രയും പ്രാധാന്യമുള്ളതല്ല, ശക്തിയുള്ളതുമല്ല, സാമൂഹ്യമാധ്യമത്തോളം.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചില വലതുപക്ഷ മാധ്യമങ്ങളാണു പോകുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വലതുപക്ഷ മാധ്യമങ്ങളും വ്യക്തികളും ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു.

എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നാണ് വൈറ്റ്ഹൗസ് പറഞ്ഞത്. പരിപാടിയുടെ അജണ്ട എന്താണെന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല.

We use cookies to give you the best possible experience. Learn more