| Saturday, 4th April 2020, 8:02 am

അമേരിക്കയില്‍ സ്ഥിതി രൂക്ഷം; മാസ്‌ക് നിര്‍ബന്ധമാക്കി, പക്ഷെ താന്‍ ധരിക്കില്ലെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കി. എന്നാല്‍ താന്‍ മാസ്‌ക് ധരിക്കില്ലെന്ന വിവാദ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു രാജ്യത്തെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്ന കാര്യം പറഞ്ഞാണ് താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റമില്ലാതെ  തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വെള്ളിയാഴ്ച നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് അമേരിക്കന്‍ ജനത തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കോ ധരിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ താന്‍ ധരിക്കില്ലെന്ന് ഉടന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു ട്രംപ്.

‘ മാറ്റു രാജ്യത്തെ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും ഏകാധിപതിമാരെയും രാജാക്കന്മാരെയും രാജ്ഞിമാരെയും മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല,’ ട്രംപ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത ഒരാളില്‍ നിന്നും പകരാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കണം. തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കുകളോ വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പേ തന്നെ അമേരിക്കിയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1480 കൊവിഡ് മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയി.

അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 2,73,880 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more