| Wednesday, 10th February 2021, 9:10 am

ട്രംപിന്റെ അഭിഭാഷകരുടെ വാദങ്ങള്‍ വിലപ്പോയില്ല; ഇംപീച്ച് ഭരണഘടനാപരം തന്നെയെന്ന് സെനറ്റും; റിപ്പബ്ലിക്കന്‍സും ട്രംപിനെ തുണച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് സെനറ്റ്. 56ല്‍ 44 പേരും ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. 56-44 അനുപാതം വ്യക്തമാക്കുന്നത് റിപ്പബ്ലിക്കന്‍മാരും സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു എന്നാണ്.

ഇംപീച്ച്‌മെന്റ് നടപടികള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന ട്രംപിന്റെ അഭിഭാഷകരുടെ വാദം തള്ളിയ സെനറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു.

ജനുവരിയിലെ ക്യാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരണ നല്‍കിയെന്ന് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ വാദിച്ചു.
ജനുവരി ആറിലെ ട്രംപിന്റെ പ്രസംഗത്തിന്റെ വിഡീയോയും ഡെമോക്രാറ്റുകള്‍ സെനറ്റില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോയ ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചത്.

ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഒരു മുന്‍ പ്രസിഡന്റിനെ ഈ നടപടികളിലൂടെ വലിച്ചിഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചു. നൂറ് സീറ്റുകളുള്ള സെനറ്റില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി അവസാന നിമിഷമാണ് ട്രംപ് പുതിയ അഭിഭാഷകരെ വെക്കുന്നത്. പഴയ അഭിഭാഷകര്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു കേസില്‍ പുതിയ അഭിഭാഷകരെത്തിയത്. അഭിഭാഷകരായ ഡേവിഡ് ഷോവന്‍, ബ്രൂസ് എല്‍ കാസ്റ്റര്‍ എന്നിവരാണ് ട്രംപിന് വേണ്ടി ഹാജരായത്.

ക്യാപിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്തതില്‍ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപിനെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു.

കേസില്‍ ട്രംപിന് തയ്യാറെടുക്കാന്‍ സമയം നീട്ടി നല്‍കാന്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്

ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump impeachment: Senate says trial is constitutional and can go ahead

We use cookies to give you the best possible experience. Learn more