| Wednesday, 29th April 2020, 12:08 pm

കൊവിഡ് പ്രതിരോധം: ലോകാരോ​ഗ്യ സംഘടനയെ കുറ്റപ്പെടുത്തിയ ട്രംപ് അവ​ഗണിച്ചത് ഇന്റലിജൻസിന്റെ 12 മുന്നറിയിപ്പുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ചെെനയിൽ പടർന്നു പിടിച്ച കൊറോണ വെെറസ് അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നത് സംബന്ധിച്ച് സെൻട്രൽ ഇന്റലിജൻസ്(സി.ഐ.എ) ഏജൻസി നൽകിയ മുന്നറിയിപ്പുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവ​ഗണിച്ചുവെന്ന് റിപ്പോർട്ടുകൾ. സി.ഐ.എ നൽകിയ 12 മുന്നറിയിപ്പുകളാണ് ട്രംപ് അവ​ഗണിച്ചത്.
ജനുവരിയിലും ഫെബ്രുവരിയിലും വെെറസ് അമേരിക്കയിൽ ഉണ്ടാക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സി.ഐ.ഐയിലെ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ട്രംപ് ഇന്റലിജൻസിന്റെ നിർദേശങ്ങളെ അവ​ഗണിക്കുകയായിരുന്നുവെന്നും വെെറസ് പ്രതിരോധത്തിന് മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കൊവിഡ് 19നെ ഫ്ളുവിനോട് ഉപമിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫെബ്രുവരി 26ന് പോലും ട്രംപ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിലെ കൊവിഡ് കേസുകൾ ​ഗണ്യമായി കുറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ​ഗണ്യമായ വർദ്ധനയാണ് വെെറസ് വ്യാപനത്തിലുണ്ടായത്. അമേരിക്കയിലെ കൊവിഡ് മരണം ഇതിനോടകം അമ്പതിനായിരം കടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പ് അവ​ഗണിച്ച ട്രംപ് വിഷയത്തിൽ ലോകാരോ​ഗ്യ സംഘടനയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. വെെറസ് വ്യാപനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോ​ഗ്യ സംഘടന പരാജയപ്പെട്ടു എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതിന്റെ ഭാ​ഗമായി ലോകാരോ​ഗ്യ സംഘടനയ്ക്ക് നൽകുന്ന ഫണ്ടും അമേരിക്ക നിർത്തിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more