World News
ട്രംപ് പുടിനുമായി ചര്‍ച്ച നടത്തിയിട്ടില്ല; റിപ്പോര്‍ട്ട് നിഷേധിച്ച് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 12, 12:51 pm
Tuesday, 12th November 2024, 6:21 pm

മോസ്‌കോ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച റഷ്യ. പുടിന്റെ ഓഫീസാണ് ഈ വാര്‍ത്ത തളളിയത്.

ഉക്രൈനിലെ യുദ്ധം വര്‍ധിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് ആവശ്യപ്പെട്ടതായും, യൂറോപ്പിലെ വാഷിങ്ടണിന്റെ സൈനികരുടെ സാന്നിധ്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തിയതായും കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു,

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഒരു ദിവസം കൊണ്ട് പരിഹാരം കാണുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ കാര്യം ചര്‍ച്ച ചെയ്യാനാണ് ഫോണ്‍ വിളിച്ചതെന്ന് തരത്തിലായിരുന്നു വാര്‍ത്തകള്‍.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ സമാധാനത്തിനായുള്ള ലക്ഷ്യങ്ങളെ കുറിച്ചും ഉക്രൈനുമായുള്ള യുദ്ധത്തിലെ പരിഹാരങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെ 70 ഓളം ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമെല്ലാം ഉള്‍പ്പെടും.

വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നും അങ്ങനെയൊരു സംഭാഷണമെ നടന്നിട്ടില്ല എന്നുമാണ്  പുടിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. ഈ വാര്‍ത്തകള്‍ വെറും ഭാവനകള്‍ മാത്രമാണെന്നാണ് ഓഫീസ് വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്.

Content Highlight: Trump has not negotiated with Putin; Russia denied the report