ശ്രീനഗര്‍: അമേരിക്കയുടെ അധികാരത്തില്‍ നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അങ്ങനെതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മോദിയും പുറത്തുപോകുമെന്ന് പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
” അമേരിക്കയില്‍ എന്തു സംഭവിച്ചെന്നു നോക്കൂ, ട്രംപ് പുറത്തുപോയി, അപ്പോള്‍ ബി.ജെ.പിയും പോകില്ലേ?” മെഹബൂബ മുഫ്തി ചോദിച്ചു.
അതേസമയം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മെഹബൂബ മുഫ്തി അഭിന്ദിക്കുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ നടപടിയെ മുഫ്തി വിമര്‍ശിച്ചു.
‘ആര്‍ട്ടിക്കിള്‍ 370 മുസ്‌ലിങ്ങളുമായോ ഹിന്ദുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. ജമ്മു കശ്മീരിന്റെ സ്വത്വം സംരക്ഷിക്കുന്നതിനാണ് ഇത് നടപ്പിലാക്കിയത്. ജനങ്ങള്‍ ഇപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക മാത്രമല്ല, അംബേദ്കറുടെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും മുഫ്തി പറഞ്ഞു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലും സമാനമായ മാറ്റം വേണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ ജനത അവരുടെ തെറ്റ് തിരുത്തിയെന്നും ട്രംപിന്റെ പരാജയത്തില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതായിരിക്കുമെന്നും ശിവ സേന പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.
ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയ്ക്കും ആവശ്യമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് നവംബര്‍ 10 നാണ്. എക്സിറ്റ് പോളുകള്‍ പ്രകാരം മഹാസഖ്യത്തിന് ബീഹാറില്‍ വലിയ വിജയം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ച്, തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരിക്കും 31 കാരനായ തേജസ്വി.
ആക്‌സിസ് സര്‍വേ പ്രകാരം മഹാസഖ്യത്തിന് ഈ മേഖലയിലെ 49 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രവചനം. ഇത് മൊത്തം സീറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.
എന്‍.ഡി.എയെക്കാള്‍ 12 ശതമാനമായിരിക്കും മഹാസഖ്യത്തിന് ഈ മേഖലയില്‍ ലഭിക്കാന്‍ പോകുന്ന ലീഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് ആര്‍.ജെ.ഡി നല്‍കിയത്. 19 സീറ്റുകളിലാണ് സി.പി.ഐ.എം.എല്‍ മത്സരിച്ചത്.
മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ അത് സി.പി.ഐ.എം.എല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ കൂടി ഫലമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.
മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് എക്സിറ്റ് പോള്‍ പ്രവചനം.
ഭൂരിപക്ഷം എക്സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.
ടൈംസ് നൗ-സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.
എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.
അതേസമയം ഇന്ത്യാ ടി.വി എക്‌സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്.
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക