വാഷിങ്ങ്ടണ്‍: ചില മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കിന് അനുകൂലമായി കോടതി വിധിയും. അമേരിക്കന്‍ സുപ്രീം കോടതിയാണ് ട്രംപിന്റെ തീരുമാനങ്ങളെ പിന്തുണക്കുന്ന വിധി പുറപ്പെടുവിപ്പിച്ചത്.
ഞങ്ങള്‍ക്ക് ശക്തരാവണം, ഞങ്ങള്‍ക്ക് സുരക്ഷിതരാവണം, അമേരിക്കന്‍ ജനങ്ങള്‍ക്കും ഭരണഘടനക്കും ലഭിച്ച വിജയമാണ് കോടതി വിധി എന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
കുറഞ്ഞപക്ഷം രാജ്യത്തേക്ക് വരുന്നത് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയണം. എവിടെ നിന്നാണ് വരുന്നത് എന്നറിയണം, ട്രംപ് പറഞ്ഞു.
8 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം അമേരിക്ക സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതില്‍ ചാഡ്, ഇറാന്‍, ഇറാഖ്, ലിബിയ, വടക്കന്‍ കൊറിയ, സിറിയ, വെനെസ്വേല, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടും.
കോടതി വിധി ഡെമോക്രാറ്റ് രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും പ്രചരണങ്ങളും ആക്രമണങ്ങളും തെറ്റാണെന്ന് തെളിയിച്ചുവെന്ന് ട്രംപ് പറഞ്ഞു. റിപ്പബ്‌ളിക്കന്‍ എന്ന നിലയില്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത് ശക്തമായ അതിര്‍ത്തിയും, കുറ്റകൃത്യങ്ങളില്ലാത്ത രാജ്യവുമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഡെമോക്രാറ്റുകള്‍ തുറന്ന അതിര്‍ത്തിയാണ് ആവശ്യപ്പെടുന്നത്, ഇത് രാജ്യത്ത് വലിയ അക്രമസംഭവങ്ങള്‍ ഉണ്ടാക്കും. അന്യ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തേയും സഞ്ചാരത്തേയും സൂചിപ്പിച്ച് ട്രംപ് പറയുന്നു. തന്റെ തീരുമാനങ്ങളുടെ വലിയ അംഗീകാരമായാണ് ട്രംപ് വിധിയെ ഉയര്‍ത്തിക്കാണിക്കുന്നത്.
നിരോധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആരോഗ്യം പോലുള്ള ആവശ്യങ്ങള്‍ക്കായി വേണമെങ്കില്‍ അമേരിക്കയിലേക്ക് സഞ്ചരിക്കാം. എന്നാല്‍ കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയില്‍ ലഭിച്ച 8400 അപേക്ഷകളില്‍ 128 എണ്ണം മാത്രമേ അമേരിക്ക അനുവദിച്ചുള്ളു എന്ന് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരോടുള്ള ട്രംപ് സര്‍ക്കാരിന്റെ നയം കൂടുതല്‍ കടുപ്പിക്കാന്‍ കോടതി വിധി സഹായിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.