| Friday, 24th January 2025, 6:45 pm

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്കെതിരെ പ്രതിഷേധിച്ച 23 പേര്‍ക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് എതിരെ സമരം ചെയ്ത 23 പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വാഷിങ്ടണില്‍ വെച്ച് നടക്കുന്ന ഗര്‍ഭഛിദ്ര വിരുദ്ധ പ്രക്ഷോഭകരുടെ മാര്‍ച്ചില്‍, ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവെയാണ് ഇവരെ വെറുതെ വിട്ടത്.

‘ഇരുപത്തിമൂന്ന് പേരെ പ്രോസിക്യൂട്ട് ചെയ്തു. അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഒപ്പിടുന്നത് വലിയ ബഹുമതിയാണ്. അവര്‍ വളരെ സന്തുഷ്ടരായിരിക്കും,’ ട്രംപ് പറഞ്ഞു. പ്രതികളില്‍ പലരും പ്രായമായവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ ‘സഹായം’ ചെയ്തത്.

ഇവരില്‍ ഭൂരിഭാഗം പേരും നിലവില്‍ ജയിലിലാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് നേരെ നടത്തിയ പ്രതിഷേധത്തില്‍ 1994ലെ സംരക്ഷണ നിയമപ്രകാരമാണ് ബൈഡന്‍ ഭരണകൂടം കേസ് എടുത്തത്.

ഗര്‍ഭഗര്‍ഭഛിദ്രം ചെയ്യുന്ന ആളുക്കെതിരെയും ക്ലിനിക്കുകള്‍ക്കെതിരേയും അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക്ക് എന്‍ട്രന്‍സ് ആക്ട് നടപ്പിലാക്കിയത്. ഇത് പ്രകാരം സ്വത്ത്‌നഷ്ട ചട്ടപ്രകാരം അക്രമികള്‍ക്കെതിരെ കേസെടുക്കാം.

2021ല്‍ വാഷിങ്ടണ്‍ ഡി.സിയിലെ ക്ലിനിക്ക് ഉപരോധിച്ചതിനാണ് ഈ നിയമപ്രകാരം 23 പേരെ ബൈഡന്‍ ഭരണകൂടം അറസ്റ്റ് ചെയ്തത്. അതേസമയം പ്രക്ഷോഭകരെ അന്യായമായി പ്രോസിക്യൂട്ട് ചെയ്യാന്‍ ബൈഡന്‍ ഭരണകൂടം നിയമം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

2022 ജൂണില്‍ റാലി അട്ടിമറിക്കപ്പെട്ടതിന് ശേഷം മൂന്നാം തവണയാണ് നാഷണല്‍ മാളിലൂടെയുള്ള വാര്‍ഷിക മാര്‍ച്ച് നടക്കുന്നത്. ട്രംപ് സമ്മേളനത്തെ വെര്‍ച്വലി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബൈഡന്‍ ഭരണകൂടം അന്യായമായി പീഡിപ്പിച്ച എല്ലാ രാഷ്ട്രീയ തടവുകാരുടെയും പേരിലുള്ള കേസുകള്‍ വേഗത്തില്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

ജനുവരി ആറിന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട 1,500ലധികം പേര്‍ക്ക് ട്രംപ് മാപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത്‌ തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ തീരുമാനം.

Content Highlight: Trump freed anti-abortion protesters before annual march rally

We use cookies to give you the best possible experience. Learn more