| Tuesday, 10th November 2020, 8:20 am

പ്രസിഡന്റ് സ്ഥാനം മാറാനിരിക്കെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്; തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് സെക്രട്ടറിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കിയതായി ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതോടെ ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയുടെ മുന്നോടിയായാണ് ട്രംപ് എസ്പറിനെ പുറത്താക്കിയത്.

‘മാര്‍ക്ക് എസ്പറിനെ പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി,’ ട്രംപ് ട്വീറ്റ് ചെയ്തു.

നിലവില്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ തലവനും മുന്‍ പ്രത്യേക സേന ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലറിനെ എസ്പറിന് പകരം പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭരണത്തിലിരിക്കുന്ന സമയത്ത് ട്രംപുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളയാളായിരുന്നു എസ്പര്‍. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്തും തെരുവുകളില്‍ പൊലീസ് സേനയെ വിന്യസിക്കേണ്ട ആവശ്യമില്ലെന്ന് എസ്പര്‍ നിലപാടെടുത്തിരുന്നു.

കോണ്‍ഫേഡറേറ്റ് ജനറല്‍സ് പേരിലുള്ള യു.എസ് ആര്‍മി ബേസിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടും എസ്പര്‍ പ്രവര്‍ത്തിച്ചിരുന്നു.

തന്നെ മാറ്റാന്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ട്രംപിന് തിരിച്ചെഴുതിയ കത്തില്‍ എസ്പര്‍ തിങ്കളാഴ്ച വിശദീകരിച്ചു.

‘ഭരണഘടനയെ മാനിച്ചുകൊണ്ടാണ് ഞാന്‍ ഈ രാജ്യത്തെ സേവിച്ചത്. അതിനാല്‍ എന്നെ പറഞ്ഞു വിടാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു,’ എസ്പര്‍ കത്തിലെഴുതി.

തിങ്കളാഴ്ച തന്നെ എസ്പര്‍ പെന്റഗണില്‍ നിന്നും പടിയിറങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എസ്പര്‍ പുറത്ത് പോയതിന് പിന്നാലെ ക്രിസ്റ്റഫര്‍ പെന്റഗണില്‍ എത്തുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റായുള്ള തന്റെ അവസാന നിമിഷത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ തെളിവാണ് എസ്പറിനെ പുറത്താക്കിയതെന്നുമാണ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി ഇതുവരെയും ട്രംപ് അംഗീകരിച്ചിട്ടില്ല. നിയമപരമായി മുന്നോട്ട് പോകുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എസ്പറിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump fires Defence Secretary Mark Esper after election defeat

Latest Stories

We use cookies to give you the best possible experience. Learn more