| Tuesday, 21st March 2023, 4:14 pm

മോദി നല്‍കിയതുള്‍പ്പെടെ രണ്ടര ലക്ഷം യു.എസ് ഡോളര്‍ വിലമതിക്കുന്ന സമ്മാനങ്ങളെക്കുറിച്ച് മിണ്ടാതെ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിദേശ നേതാക്കള്‍ നല്‍കിയ രണ്ടര ലക്ഷം യു.എസ് ഡോളര്‍ വിലമതിക്കുന്ന സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതില്‍ 47,000 ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ട്രംപിന് നല്‍കിയത് ഇന്ത്യന്‍ നേതാക്കളാണെന്നാണ് ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പുറമേ വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍,  ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരും ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ എംബസിയും നല്‍കിയ സമ്മാനങ്ങള്‍ വെളിപ്പെടുത്താത്തവയുടെ പട്ടികയിലുണ്ടെന്നാണ് വിവരം.

ട്രംപിന് പുറമേ, ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജറേദ് കുഷ്നര്‍ എന്നിവര്‍ക്കും ഇന്ത്യ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്മിറ്റി ഡെമോക്രാറ്റ്സിന്റെ (Partisan Democratic Congressional Committee) അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ ആരോപണങ്ങളുള്ളത്.

‘സൗദി വാളുകള്‍, ഇന്ത്യന്‍ ആഭരണങ്ങള്‍, ട്രംപിന്റെ സാല്‍വദോറന്‍ ഛായാചിത്രം: വിദേശത്തു നിന്നു ലഭിച്ച പ്രധാന സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്ത ട്രംപ് ഭരണകൂടം’ എന്ന പേരില്‍ പുറത്തു വന്ന റിപ്പോര്‍ട്ടിലാണ് ഈ ആരോപണങ്ങളുള്ളത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപ് 2017 മുതല്‍ 2021 വരെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. ഈ സമയത്ത് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭ്യമല്ലാത്തത്.

ഇന്ത്യക്ക് പുറമെ സൗദി അറേബ്യ, ചൈന, ജപ്പാന്‍, ഖത്തര്‍, ഉസ്ബെക്കിസ്ഥാന്‍, ബഹ്റൈന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ചും വ്യക്തമായ രേഖകളില്ല.

ഇന്‍സ്പെക്ടര്‍ ജനറലിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് 2021 നവംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മൂല്യവത്തായ വസ്തുക്കള്‍ കാണാതാകുന്നത് ട്രംപ് ഭരണകാലത്തെ ഒരു പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്തതും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് സമ്മാനങ്ങളുടെ കാണാതാകലിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Content Highlights: Trump fails to disclose gifts worth USD 25,00,00

We use cookies to give you the best possible experience. Learn more