വാഷിങ്ടണ്‍: ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളേയും കമ്പ്യൂട്ടറുകളേയും ഒഴിവാക്കി. ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്‍ക്ക് വലിയ ഗുണം ചെയ്യും.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ ഐഫോണുകളില്‍ 80% ചൈനയിലാണ് നിര്‍മിക്കുന്നത്. ബാക്കി 20% ഇന്ത്യയിലാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി മറ്റ് വിതരണ ശൃംഖലകള്‍ തേടാന്‍ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയിലും വിയറ്റ്‌നാമിലും സ്ഥാപിച്ച് വരികയാണ്.
പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ, ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാനും വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആപ്പിള്‍, ഇന്ത്യയില്‍ നിന്നും 600 ടണ്‍ ഐഫോണുകള്‍ യു.എസിലേക്ക് കയറ്റിയയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ താരിഫ് നിലവില്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് മുതല്‍ 100 ടണ്‍ വീതം ഐഫോണുകള്‍ അടങ്ങുന്ന ആറ് കാര്‍ഗോ വിമാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിള്‍ ഉത്പന്നങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിര്‍മിക്കുന്ന ചൈനയില്‍ 125 ശതമാനമാണ് അമേരിക്ക തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീരുവ 26 ശതമാനമാണ്. ചൈനയില്‍ നിന്നും കയറ്റുമതി കുറയുന്നതിനെ നിയന്ത്രിക്കാനാണ് ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുമുള്ള 600 ടണ്‍ കയറ്റുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിതരണ ശൃംഖലയില്‍ ഗണ്യമായ താരിഫ് ചെലവുകള്‍ വരുന്നതിന് മുമ്പ് അമേരിക്കന്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമമായിരിക്കാം ഈ പുതിയ നീക്കം.
ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫോക്സോണ്‍ ഇന്ത്യ ഫാക്ടറികളില്‍ ഞായറാഴ്ച ഷിഫ്റ്റുകളിലടക്കം തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും വിവരമുണ്ട്.
Content Highlight: Trump exempts smartphones and computers from high tariffs