ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം. ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ 11 ലക്ഷത്തോളം പേരാണ് ഇതുവരെ ഒപ്പിട്ടത്. അഭയാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിനെതിരായാണ് പ്രതിഷേധം.
സര്‍ക്കാരിന്റെ നയങ്ങളില്‍ പരാതി അറിയിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത്രയധികം പേര്‍ ഒപ്പിട്ടിരിക്കുന്നത്. ട്രംപിന്റെ സന്ദര്‍ശനം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. അതേ സമയം സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബൈനടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളുടെ ഹരജിയില്‍ ബ്രിട്ടീഷ് എം.പിമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ യു.എസ് സന്ദര്‍ശന വേളയിലാണ് ട്രംപ് ബ്രിട്ടനിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
സിറിയയില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികളെയും ഏഴോളം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കി കൊണ്ട് വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നത്. ഉത്തരവിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
ട്രംപിനെതിരെ ബ്രിട്ടനില്‍ ഇതു രണ്ടാം തവണയാണ് ഭീമന്‍ ഒപ്പുശേഖരണം നടക്കുന്നത്. മുസ്‌ലിംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതിന് 2016 ജനുവരിയിലും ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.