കറുത്തവന്‍ ഭരിക്കുന്ന ഏതെങ്കിലും ഒരു രാജ്യമുണ്ടെങ്കില്‍ എന്നോട് പറയൂ; നെല്‍സണ്‍ മണ്ടേലയെ ട്രംപ് ആക്ഷേപിച്ചെന്ന് മൈക്കിള്‍ കോഹന്‍
World News
കറുത്തവന്‍ ഭരിക്കുന്ന ഏതെങ്കിലും ഒരു രാജ്യമുണ്ടെങ്കില്‍ എന്നോട് പറയൂ; നെല്‍സണ്‍ മണ്ടേലയെ ട്രംപ് ആക്ഷേപിച്ചെന്ന് മൈക്കിള്‍ കോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th September 2020, 12:29 pm

വാഷിംഗ്ടണ്‍: സൗത്ത് ആഫ്രിക്കയുടെ ആദ്യ പ്രസിഡന്റും വര്‍ണ്ണവിവേചനത്തിനെതിരെ പോരാട്ടം നടത്തുകയും ചെയ്ത നെല്‍സണ്‍ മണ്ടേലയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്ഷേപിച്ചെന്ന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍.

മണ്ടേലയ്‌ക്കെതിരെ വളരെ മോശമായ രീതിയിലാണ് ട്രംപ് സംസാരിച്ചതെന്നാണ് കോഹന്റെ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോഹന്‍ മൂന്ന് വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.

അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് മണ്ടേലയെ ഒരു ദുര്‍ബലനായ നേതാവെന്ന് ട്രംപ് വിശേഷിപ്പിച്ചതായി കോഹന്‍ ആരോപിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മണ്ടേല ഒരു നേതാവേ ആയിരുന്നില്ലെന്നും ട്രംപ് പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കറുത്ത വ്യക്തി ഭരിക്കുന്ന ഏതെങ്കിലും ഒരു രാജ്യമുണ്ടെങ്കില്‍ തന്നോട് പറയൂ എന്ന് ട്രംപ് പരിഹസിച്ചതായും മൈക്കിള്‍ പറയുന്നു.

നേരത്തെ ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാംഗങ്ങളെക്കുറിച്ച് ട്രംപ് മോശം പ്രസ്താവന നടത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Trump ex lawyer michael cohen on his remarks about nelson mandela he was-no leader