| Tuesday, 23rd May 2023, 6:01 pm

ട്രംപ് വീണ്ടും നാണംകെടുത്തി; 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ട് ഇ ജീന്‍ കരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് ലൈംഗികോപദ്രവം നടത്തിയെന്ന കേസില്‍ പത്ത് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ട് കോളമിസ്റ്റായ ഇ-ജീന്‍ കരോള്‍.

കേസിനെ തുടര്‍ന്ന് നേരത്തെ കരോള്‍ മാനനഷ്ടത്തിന് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം വാങ്ങിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് ശേഷം വീണ്ടും സി.എന്‍.എന്‍ ചാനലിലൂടെ ട്രംപ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചതിന്റെ പേരിലാണ് നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിരിക്കുന്നത്.

‘വിദ്വേഷം, ദുരുദ്ദേശം, വെറുപ്പ് എന്നിവയിലൂന്നിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ സങ്കല്‍പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തലില്‍ നിന്ന് ട്രംപിനെ തടയുന്നതിനും മറ്റുള്ളവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും കരോളിന് ആവശ്യമായ നഷ്ട പരിഹാരം നല്‍കണം,’ കരോളിന്റെ അഭിഭാഷകന്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ പറഞ്ഞു.

1996ല്‍ മാന്‍ ഹട്ടിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. ഡ്രസിങ് റൂമില്‍ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് കരോള്‍ പറഞ്ഞു. അതുകൊണ്ടാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോള്‍ പറഞ്ഞു.

2019ലാണ് കരോള്‍ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നല്‍കിയത്. എന്നാല്‍ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചില്ല. ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിനിരയായവര്‍ക്ക് കേസ് നല്‍കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കുന്ന നിയമം വന്നിരുന്നു. തുടര്‍ന്നാണ് കരോള്‍ കേസ് നല്‍കിയത്.

എന്നാല്‍ കരോളിനെ അറിയില്ലെന്ന് പറഞ്ഞ് ട്രംപ് പീഡനാരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഒമ്പതംഗ ജൂറിയായിരുന്നു കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കരോളിന്റെ പദവി ഇല്ലാത്തതാക്കാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു.

CONTENT HIGHLIGHT: Trump Embarrassed Again; Jean Carroll is seeking an additional $10 million in damages

We use cookies to give you the best possible experience. Learn more