ടെഹ്റാൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി.
ജെ.പി.സി.ഒ.എ ആണവകരാറിൽ നിന്നും ട്രംപ് പുറത്തു പോകാൻ തീരുമാനിച്ചതിനെതിരെയാണ് അദ്ദേഹം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തിയത്. അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു റുഹാനിയുടെ പ്രതികരണം.
”ട്രംപ് മരിച്ചു, പക്ഷേ ജെ.പി.സി.ഒ.എ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അധികാരത്തിലിരിക്കുമ്പോൾ അത് തകർക്കാൻ സാധ്യമാകുന്നതെല്ലാം അദ്ദേഹം ചെയ്തു. സൗദി അറേബ്യയും ഇസ്രഈലും അത് തന്നെയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ ജെ.പി.സി.ഒ.എ മുമ്പത്തേക്കാൾ ശക്തമായി ജീവിച്ചിരിപ്പുണ്ട്. മോശം റെക്കോഡുമായി ട്രംപ് പുറത്തുപോയി. എന്നാൽ പ്രതിരോധത്തിന്റെ ഉറച്ച റെക്കോഡുമായി ഇറാൻ ഇപ്പോഴുമുണ്ട്,” റുഹാനി ട്വീറ്റ് ചെയ്തു.
ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക മുമ്പില്ലാത്തവിധം ധ്രുവീകരിക്കപ്പെട്ടുവെന്നും അതിന്റെ ഫലമായാണ് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് പട്ടാളക്കാവലിൽ നിൽക്കേണ്ടി വന്നതെന്നും റുഹാനി പറഞ്ഞു. ട്രംപിനെ സ്റ്റുപിഡ് ടെററിസ്റ്റ് എന്ന് വിളിച്ചുകൊണ്ടായിരുന്നു റുഹാനി അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രംപിനെ റുഹാനി സ്റ്റുപിഡ് ടെററിസ്റ്റ് എന്ന് വിളിച്ചത്.
ബൈഡനോട് ജെ.പി.സി.ഒ.എ കരാറിൽ ഉടൻ തിരികെ എത്തണമെന്നും റുഹാനി ആവശ്യപ്പെട്ടു. ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ജെ.പി.സി.ഒ.എ കരാറിൽ നിന്നും അമേരിക്ക പിൻവാങ്ങിയത്. ഇതിന് പുറമേ അമേരിക്ക ഇറാനുമേൽ ഉപരോധവും ഏർപ്പെടുത്തിയിരുന്നു.
ഡെമോക്രാറ്റിക് നേതാവ് ജൊ ബൈഡൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഒരു ഒപ്പിട്ടാൽ മതി അമേരിക്കയ്ക്ക് ഏത് നിമിഷവും ആണവകരാറിലേക്ക് തിരികെയെത്താമെന്ന് റുഹാനി പറഞ്ഞിരുന്നു. ഇറാനുമായുള്ള ആണവകരാറിൽ തിരികെയെത്തുമെന്ന സൂചന തന്നെയാണ് ജോ ബൈഡൻ ഒരു അഭിമുഖത്തിൽ നൽകിയത്.
ജോ ബൈഡൻ അധികാരത്തിലേറിയതിന് പിന്നാലെ ട്രംപിന്റെ 15 ഓളം തീരുമാനങ്ങളാണ് തിരുത്തിയത്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കി 2017ൽ നടപ്പാക്കിയ നിയമനിർമാണം ബൈഡൻ തിരുത്തിയിരുന്നു. നേരത്തെ ട്രംപ് പിൻവാങ്ങിയ ലോകാരോഗ്യ സംഘടനയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനും ബൈഡൻ നിർദേശം നൽകി.
മെക്സിക്കോ അതിർത്തിയിൽ നേരത്തെ ട്രംപ് ഉത്തരവിട്ട മതിൽനിർമാണം നിർത്തിവെക്കാനും ബൈഡൻ നിർദേശിച്ചിട്ടുണ്ട്.