| Tuesday, 20th August 2019, 8:49 am

കശ്മീരിലേത് സങ്കീര്‍ണ്ണമായ സാഹചര്യം; ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് വീണ്ടും ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജമ്മുകശ്മീരിലെ സ്ഥിതി സംബന്ധിച്ച് പാക്കിസ്താന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് ട്രംപ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീരിലേത് സങ്കീര്‍ണ്ണമായ സാഹചര്യമാണെന്നും ട്രംപ് പറഞ്ഞു.

ട്രംപ് കശ്മീര്‍ വിഷയം ഉന്നയിച്ചുകൊണ്ട് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ഖാനെ ബന്ധപ്പെടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച നടത്തിയ സംഭാഷണത്തിന് പിന്നാലെയായായിരുന്നു ഇത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

‘എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ന്‍ഖാനോടും വ്യാപാരം, പങ്കാളിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് കൂടാതെ ഏറ്റവും പ്രധാനമായി കശ്മീരിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. വളരെ സങ്കീര്‍ണ്ണമായ സാഹചര്യം, പക്ഷേ നല്ല സംഭാഷണങ്ങള്‍!’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിഷയത്തില്‍ ഇരുവരും സംയമനം പാലിക്കണമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.

യു.എസ്-പാകിസ്ഥാന്‍ സാമ്പത്തിക, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായും വെറ്റ് ഹൗസ് അറിയിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി പ്രദേശത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷമാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം വഷളായത്.

We use cookies to give you the best possible experience. Learn more