|

കോടതി ഉത്തരവ് വകവെക്കാതെ 227 വര്‍ഷം പഴക്കമുള്ള നിയമം ഉപയോഗിച്ച് വെനസ്വേലക്കാരെ നാടുകടത്തി ട്രംപ് ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 1798ലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വെനസ്വേലന്‍ കുടിയേറ്റക്കാരെ നാടുകടത്തരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം. ഉത്തരവിന് പുല്ലുവില കല്‍പ്പിക്കാതെ ഗുണ്ടാസംഘങ്ങളെന്ന് ആരോപിച്ച് 200ലധികം വെനസ്വേലക്കാരെ എല്‍ സാല്‍വഡോറിലെ സൂപ്പര്‍മാക്‌സ് ജയിലിലേക്ക് യു.എസ് നാടുകടത്തി.

വെനസ്വേലന്‍ സംഘമായ ട്രെന്‍ ഡെ അരഗ്വയിലെ 238 അംഗങ്ങളും ഇന്റര്‍നാഷണല്‍ എം.എസ്-13 സംഘത്തിലെ 23 അംഗങ്ങളേയുമാണ് നാടുകടത്തിയത്. ഇവര്‍ മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ എത്തിയതായി പ്രസിഡന്റ് നയിബ് ബുകെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍, കൈകളിലും കാലുകളിലും വിലങ്ങുവെച്ച് കുടിയേറ്റക്കാര്‍ നടന്ന് പോകുന്നതായി കാണിക്കുന്നുണ്ട്‌.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധകാല നിയമമായ 1798ലെ ഏലിയന്‍ എനിമീസ് ആക്ട് ഉപയോഗിക്കരുതെന്ന് ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിന് മുന്നേ കുടിയേറ്റക്കാരുടെ വിമാനം അമേരിക്കയില്‍ നിന്ന് പുറപ്പെട്ടിരുന്നു.

വാഷിങ്ടണ്‍ ഡി.സിയിലെ ജില്ലാ ജഡ്ജി ജെയിംസ് ബോസ്‌ബെര്‍ഗാണ് നാടുകടത്തലുകള്‍ 14 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ വിമാനങ്ങള്‍ ഇതിനകം യു.എസില്‍ നിന്ന് പുറപ്പെട്ടു എന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ വിമാനങ്ങളെ തിരിച്ചുവിളിക്കാന്‍ ജഡ്ജി ബോസ്ബര്‍ഗ് വാക്കാല്‍ ഉത്തരവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉത്തരവ് വിധി പകര്‍പ്പില്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പേയത്.

അതേസമയം കോടതി വിധി ലംഘിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. കോടതി ഉത്തരവ് പാലിക്കാന്‍ ഭരണകൂടം വിസമ്മതിച്ചിട്ടില്ലെന്ന് പറഞ്ഞ അവര്‍ നിയമപരമായി ലഭ്യമല്ലാത്ത ഉത്തരവ് കുടിയേറ്റക്കാരെ നീക്കം ചെയ്തതിന് ശേഷമാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി. ജഡ്ജിയുടെ വിധിക്കെതിരെ നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

യു.എസിനെതിരെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ്-അമേരിക്കന്‍ സിവിലിയന്മാരെ തടവിലാക്കാനാണ് ഈ നിയമം അവസാനമായി ഉപയോഗിച്ചത്.

അതേസമയം ഈ നിയമം നടപ്പിലാക്കുന്നതിനെ വെനസ്വേലയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വെനസ്വേലന്‍ കുടിയേറ്റത്തെ കുറ്റകരമാക്കുന്ന ഈ നിയമം അടിമത്തം മുതല്‍ നാസി തടങ്കല്‍പ്പാളയം വരെയുള്ള മനുഷ്യരാശിയുടെ ഏറ്റവും ഇരുണ്ട സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും വെനസ്വേല ആരോപിച്ചു.

Content Highlight: Trump deports Venezuelans using 227-year-old law, ignoring court order