| Monday, 12th October 2020, 7:58 am

'ബൈഡനെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമില്ല'; തനിക്ക് പ്രതിരോധ ശേഷി കൈവന്നെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് പ്രതിരോധ ശേഷി കൈവന്നെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച് കാലത്തേക്കാവും, ചിലപ്പോള്‍ കൂടുതല്‍ കാലം പ്രതിരോധ ശേഷി നീണ്ടു നിന്നേക്കാം. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

തനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ് കൊവിഡിനെ വീണ്ടും ചൈന വൈറസ് എന്നും അധിക്ഷേപിച്ചു.

‘എനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നുണ്ട്. പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. ഞാന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാന്‍ ഇപ്പോള്‍ താന്‍ പ്രാപ്തനാണെന്നും ട്രംപ് പറഞ്ഞു.

‘ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല,’ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

ട്രംപിന് വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ കൊവിഡിനെതിരെ ശാസ്ത്രീയമായ മുന്‍കരുതലെടുക്കേണ്ടതിനെ പറ്റിയും വ്യാജ പ്രചരണങ്ങളില്‍ വീണു പോകാതിരിക്കുന്നതിനെ പറ്റിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിരന്തരമായി വ്യക്തമാക്കിയിരുന്നു.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച് നാലാം നാള്‍ ആശുപത്രി വിട്ട ട്രംപ് പൂര്‍ണമായും കൊവിഡ് മുക്തനായോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു,. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്ന് ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയോളം അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump claims he is immune now, and says no need to hide in basement like Joe Biden

We use cookies to give you the best possible experience. Learn more