world
ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടേണ്ടവര്‍ അമേരിക്കയുമായുള്ള വാണിജ്യബന്ധങ്ങള്‍ മറന്നേക്കൂ: യൂറോപ്യന്‍ യൂണിയന് അമേരിക്കയുടെ പരോക്ഷ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 08, 04:27 am
Wednesday, 8th August 2018, 9:57 am

വാഷിംഗ്ടണ്‍: ഇന്നേവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഉപരോധമായിരിക്കും അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകസമാധാനമാണ് തനിക്കാവശ്യമെന്നും അതില്‍ കുറഞ്ഞതൊന്നും തനിക്കുവേണ്ടെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.

ഇറാനുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളൊന്നും അമേരിക്കയുമായി വ്യാപാരം ചെയ്യില്ലെന്നും ട്രംപ് തറപ്പിച്ചു പറയുന്നു. ട്രംപിന്റെ പ്രസ്താവന പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നത് യൂറോപ്യന്‍ യൂണിയനെയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന യൂറോപ്യന്‍ കമ്പനികളെ അമേരിക്കന്‍ നടപടികളില്‍ നിന്നും സംരക്ഷിക്കാനായി പുതിയ വ്യവസ്ഥകള്‍ യൂണിയന്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

 

Also Read: അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ കാനഡയിലേക്കുള്ള വിമാന സര്‍വ്വീസും സൗദി നിര്‍ത്തിവെച്ചു; പോര് കനക്കുന്നു

 

“ഇറാനെതിരെയുള്ള ഉപരോധം ഔദ്യോഗികമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഉപരോധനീക്കമായിരിക്കുമിത്. നവംബറില്‍ ഈ നടപടികള്‍ കൂടുതല്‍ കടുക്കും. ഇറാനുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാരും അമേരിക്കയുമായി പിന്നെ വാണിജ്യബന്ധം സൂക്ഷിക്കില്ല. ഞാനാവശ്യപ്പെടുന്നത് ലോകസമാധാനമാണ്, അതില്‍ക്കുറഞ്ഞതൊന്നും എനിക്കുവേണ്ട.” ട്രംപ് ട്വീറ്റില്‍ പറയുന്നു.

അമേരിക്കന്‍ ഉപരോധത്തില്‍ നിന്നും രക്ഷ നേടണമെന്ന് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രസിഡന്റ് മുന്നോട്ടുവയക്കുന്ന ഉടമ്പടി അംഗീകരിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞത്. ഇറാന്‍ യഥാര്‍ത്ഥത്തില്‍ ഗൗരവമായാണ് ഈ വിഷയത്തെ കാണുന്നതെങ്കില്‍ അവര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുമെന്നും അക്കാര്യത്തിലുള്ള അവരുടെ തീരുമാനം ഉടന്‍ തന്നെ അറിയാനാകുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ വാദവും മറ്റു രാജ്യങ്ങളെ നിര്‍ബന്ധിച്ച് ഇറാനുമായുള്ള വാണിജ്യബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്ന നീക്കവും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ബഹ്‌റാം ഖാസിമി പറയുന്നു. ലോകചരിത്രത്തില്‍ ആരും നേരിട്ടിട്ടില്ലാത്ത പ്രത്യാക്രമണങ്ങള്‍ ഇറാന്‍ നേരിടേണ്ടിവരുമെന്ന ഭീഷണിക്കു ശേഷം വരുന്ന ട്രംപിന്റെ വാഗ്ദാനത്തെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഇറാന്റെ പക്ഷം.