ന്യൂയോർക്ക്: തനിക്കെതിരെയുള്ള ന്യൂയോർക്ക് തട്ടിപ്പ് കേസിൽ സാക്ഷി പറയാനുള്ള നീക്കം ഉപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്.
ട്രംപിനും മക്കളായ ഡോൺ ജൂനിയറിനും എറിക്കിനും ട്രംപ് ഓർഗനൈസേഷൻ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ നടക്കുന്ന വിചാരണയിൽ ഇതിനകം തന്നെ എല്ലാം വെളിപ്പെടുത്തിയതാണെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
ബാങ്ക് ലോണുകളും ഇൻഷുറൻസ് പദ്ധതികളും ലഭിക്കുവാൻ തങ്ങളുടെ ആസ്തി വിവരങ്ങൾ പെരുപ്പിച്ച് കാണിച്ചു എന്ന ആരോപണത്തിൽ കഴിഞ്ഞ മാസം ട്രംപിനെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു.
നവംബർ ആറിന് നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടയിൽ ട്രംപിന്റെ മറുപടികൾ പലപ്പോഴും ജഡ്ജി ആർതർ എൻഗോറോണിന്റെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇത് രാഷ്ട്രീയ റാലി അല്ല എന്ന് ജഡ്ജി ട്രംപിന് താക്കീത് നൽകിയിരുന്നു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആണ് കേസ് ഫയൽ ചെയ്തത്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിനെതിരെയുള്ള ഗുരുതരമായ നിയമനടപടികളിലൊന്നാണ് ന്യൂയോർക്ക് തട്ടിപ്പ്.
വാദപ്രതിവാദങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ, സാമ്പത്തിക രേഖകളിൽ ട്രംപ് ആസ്തി പെരുപ്പിച്ചു കാണിച്ചെന്ന് ജെയിംസിന്റെ ഓഫീസിൽ നിന്ന് സമർപ്പിച്ച തെളിവുകളിൽ നിന്ന് വ്യക്തമായതായി കോടതി പറഞ്ഞിരുന്നു.
Content Highlight: Trump cancels plan to testify in NY fraud trial