ട്രംപിന് കോടതിയിലും തിരിച്ചടി; മിഷിഗണിലും ജോര്‍ജിയയിലും അട്ടിമറി നടന്നെന്നവാദം തള്ളി യു.എസ് കോടതി
US Presidential Election
ട്രംപിന് കോടതിയിലും തിരിച്ചടി; മിഷിഗണിലും ജോര്‍ജിയയിലും അട്ടിമറി നടന്നെന്നവാദം തള്ളി യു.എസ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 9:55 am

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണമുയര്‍ത്തി കോടതിയെ സമീപിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി.

മിഷിഗണിലും ജോര്‍ജിയയിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി ട്രംപ് നല്‍കിയ കേസ് യു.എസ് കോടതികള്‍ തള്ളി.

മിഷിഗണില്‍, നേരിട്ട് ബാലറ്റിലൂടെ രേഖപ്പെടുത്താത്ത വോട്ടുകള്‍ എണ്ണുന്നത് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിയയില്‍ നിയമവിരുദ്ധമായി വന്ന ബാലറ്റുകള്‍ പോലും എണ്ണുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം. വൈകി എത്തിയ 53 ബാലറ്റുകള്‍ എണ്ണിയെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്.

എന്നാല്‍ പ്രാദേശിക വോട്ടെണ്ണല്‍ പ്രക്രിയയില്‍ മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് ഇടപെടാനാവില്ലെന്ന് കാണിച്ച് മിഷിഗണ്‍ കോര്‍ട്ട് ഓഫ് ക്ലെയിംസ് ജഡ്ജി സിന്തിയ സ്റ്റീഫന്‍സ് കേസ് തള്ളി.

ആരോപിക്കപ്പെട്ട ബാലറ്റുകള്‍ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിയയിലെ സുപ്പീരിയര്‍ കോടതി ജഡ്ജി ജെയിംസ് ബാസ് ട്രംപ് നല്‍കിയ രണ്ടാമത്തെ കേസ് തള്ളിയത്.

അതേസമയം നവാഡിയിലെ വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജോര്‍ജിയയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപും ബൈഡനും തമ്മില്‍ 2000 വോട്ടുകളുടെ മാത്രം വ്യത്യാസമാണ് ഉള്ളത്. ഇവിടെ ട്രംപാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്.

നവാഡയില്‍ 84 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ട്രംപിനേക്കാള്‍ 14000 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍. അരിസോണയില്‍ 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വിജയം ബൈഡനൊപ്പമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump campaign loses legal fights in Georgia and Michigan