| Monday, 26th February 2018, 8:49 pm

ഫ്‌ളോറിഡ വെടിവെപ്പില്‍ പരുക്കേറ്റയാള്‍ക്കൊപ്പമുള്ള ചിത്രം പണപ്പിരിവിനായി ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപ്; ലക്ഷ്യം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളിലെ വെടിവെപ്പില്‍ പരുക്കേറ്റ പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്. ജെ ട്രംപ്. 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവശ്യമായ പണം സമാഹരിക്കാനാണ് ട്രംപ് ഈ ചിത്രം ഉപയോഗിച്ചത് എന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുക്കേറ്റ 17-കാരി മാഡെലൈന്‍ വില്‍ഫോര്‍ഡിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രമാണ് പണപ്പിരിവിനായി ഉപയോഗിച്ചത്. മാഡെലൈന്റെ കുടുംബാഗങ്ങളേയും ചിത്രത്തില്‍ കാണാം. പ്രഥമ വനിത മെലാനിയ ട്രംപും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

വെടിവെപ്പ് നടന്ന് രണ്ടുദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 16-നാണ് ട്രംപ് പരുക്കേറ്റവരെ സന്ദര്‍ശിച്ചത്. ഈ ചിത്രം ഉള്‍പ്പെടുത്തിയ ഇമെയില്‍ സന്ദേശത്തിലാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം ആവശ്യപ്പെട്ടത്.

“ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളില്‍ നടന്ന വിവേകരഹിതമായ വെടിവെപ്പിലേക്ക് രാജ്യത്തിന്റെയാകെ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. തോക്കു നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ ട്രംപ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടുണ്ട്. “നമ്മുടെ സ്‌കൂളുകളേയും വിദ്യാര്‍ത്ഥികളേയും കൂടുതല്‍ സുരക്ഷിതരാക്കുക എന്നതിനാണ് പ്രഥമ പരിഗണന.”” -ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.

പണപ്പിരിവിനായി ഉപയോഗിച്ച ചിത്രം.

സംഭാവന ഓണ്‍ലൈനായി നല്‍കാനുള്ള വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ഇ മെയിലിന്റെ ഒടുവിലായി ചേര്‍ത്തിട്ടുണ്ട്. നേരത്തേ ട്രംപ് ഇന്‍സ്റ്റഗ്രാമില്‍ ഇതേ ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു.

ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപിന്റെ പ്രചരണ വിഭാഗമോ മാഡെലൈന്‍ വില്‍ഫോര്‍ഡിന്റെ കുടുംബമോ തയ്യാറായിട്ടില്ല എന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more