ട്രിപ്പോളി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനറല്‍ ഖലീഫ ഹഫ്താറിനെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെ ലിബിയന്‍ തെരുവില്‍ ആയിരങ്ങളുടെ പ്രതിഷേധം. തലസ്ഥാനമായ ട്രിപ്പോളിയിലെ തെരുവിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.
തിങ്കളാഴ്ചയായിരുന്നു ഹഫ്താറിനെ പിന്തുണച്ചുകൊണ്ടുള്ള വൈറ്റ് ഹൗസിന്റെ പ്രസ്താവന വന്നത്. ഹഫ്താറുമായി ഫോണില്‍ സംസാരിച്ചു. ‘ലിബിയയില്‍ സ്ഥിരതയും സമാധാനവും നേടിയെടുക്കാന്‍, ഭീകരവാദത്തെ എതിരിടാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ ചര്‍ച്ച ചെയ്തു’ എന്നായിരുന്നു പ്രസ്താവന.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ലിബിയയിലെ സര്‍ക്കാറിനെതിരെ ഏപ്രില്‍ നാലിന് ഹഫ്താറും അദ്ദേഹത്തിന്റെ സൈന്യവും അക്രമമഴിച്ചുവിട്ടിരുന്നു.
എന്തുകൊണ്ടാണ് ഫോണ്‍ സംഭാഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കാന്‍ വൈറ്റ് ഹൗസ് വൈകിയതെന്ന കാര്യം വ്യക്തമല്ല. ലിബിയയോടുള്ള യു.എസ് നയത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കായാണ് ട്രംപിന്റെ പ്രശംസയെ നിരവധി പേര്‍ കാണുന്നത്. ഹഫ്താറിന്റെ പ്രത്യാക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പറഞ്ഞു.
ഹഫ്താറിന്റെ പ്രത്യാക്രമണങ്ങള്‍ക്കുള്ള യു.എസ് പിന്തുണയായാണ് ട്രിപ്പോളി നിവാസികള്‍ ഈ ഫോണ്‍ സന്ദേശത്തെ കാണുന്നത്. ‘ജനങ്ങള്‍ രോഷത്തിലാണ്. ആയിരക്കണക്കിന് ആളുകള്‍ പ്രധാന തെരുവുകളിലും ചത്വരങ്ങളിലും തടിച്ചുകൂടിയിരിക്കുകയാണ്. ഹഫ്താറിന്റെ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.’ അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ട്രിപ്പോളിയിലെ മാര്‍ട്ടിയേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രതിഷേധത്തില്‍ 2000ത്തിലേറെ ആളുകളാണ് പങ്കെടുത്തത്.