| Friday, 4th September 2020, 3:31 pm

'യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ കഴിവുകെട്ടവര്‍, ഞാനെന്തിന് അവരുടെ കല്ലറ സന്ദര്‍ശിക്കണം,' സൈനികരെ ട്രംപ് അപമാനിച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും വിളിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറ്റ്‌ലാന്റിക് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിനിടെ ട്രംപ് നാവികസേനാംഗങ്ങളെ അപമാനിച്ചുക്കൊണ്ട് സംസാരിച്ച കാര്യം പറയുന്നത്.

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാംഗങ്ങളെ സംസ്‌ക്കരിച്ച ഫ്രാന്‍സിലെ സെമിത്തേരി സന്ദര്‍ശിക്കുന്നതുമായി സംബന്ധിച്ച് 2018ല്‍ നടന്ന ചര്‍ച്ചയിലാണ് ട്രംപ് ഇത്തരത്തില്‍ സംസാരിച്ചതെന്ന് മാഗസിനില്‍ പറയുന്നു.

‘ഞാന്‍ എന്തിന് ആ സെമിത്തേരിയില്‍ പോകണം. പരാജയപ്പെട്ടവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥലമാണത്.’ സന്ദര്‍ശനം നടത്താനിരുന്ന ദിവസം രാവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിനിടയില്‍ ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട 1800 നാവിക സേനാംഗങ്ങളെ കഴിവുകെട്ടവരെന്ന് വിളിച്ച ട്രംപ് അതിനാലാണ് അവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്ന് പറയുകയും ചെയ്തതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1918ല്‍ 1800ഓളം യു.എസ് നാവികസേനാംഗങ്ങളാണ് ഒന്നാം ലോകമഹായുദ്ധ സമയത്ത് നടന്ന ബലേവു വുഡ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ജര്‍മന്‍ സൈന്യത്തെ പാരിസിലേക്ക് കടക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.

ട്രംപിന് ഈ യുദ്ധത്തെക്കുറിച്ചോ, എന്തുകൊണ്ടാണ് അമേരിക്ക സഖ്യരാഷ്ട്രങ്ങളെ സഹായിക്കാനായി എത്തിയെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്നും അറ്റ്‌ലാന്റിക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തന്റെ ഒപ്പമുണ്ടായിരുന്നവരോട് ആരായിരുന്നു ഈ യുദ്ധത്തിലെ നല്ല ആള്‍ക്കാര്‍ എന്ന് ട്രംപ് ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

2018ല്‍ ട്രംപ് നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ സെമിത്തേരി സന്ദര്‍ശിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാനാകാത്തതാണ് കാരണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും നിഷേധിച്ചുക്കൊണ്ട് ട്രംപും വൈറ്റ് ഹൗസും രംഗത്തെത്തി. പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യമില്ലാത്തവര്‍ നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ എത്രമാത്രം വികലമാണെന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞത്.

അതേസമയം ട്രംപിന്റെ ചില മുന്‍ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ നാവികസേനാംഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചിരിക്കാമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിയറ്റ്‌നാം യുദ്ധസമയത്ത് തടവിലാക്കപ്പെട്ട, അമേരിക്ക മുഴുവന്‍ യുദ്ധനായകനായി ആദരിക്കപ്പെടുന്ന മുന്‍ യു.എസ് സെനറ്റര്‍ ജോണ്‍ മകെയ്‌നെ അപമാനിച്ചുക്കൊണ്ട് 2016 തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് സംസാരിച്ചിരുന്നു.

‘അയാള്‍ ഒരു യുദ്ധനായകനൊന്നുമല്ല. യുദ്ധത്തില്‍ പിടിക്കപ്പെട്ടതുകൊണ്ടു മാത്രമാണ് അയാള്‍ യുദ്ധവീരനായത്. യുദ്ധത്തില്‍ ശത്രുക്കള്‍ പിടികൂടാത്ത ആളുകളെയാണ് എനിക്ക് ഇഷ്ടം.’ ട്രംപ് പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ഈ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘റിപ്പോര്‍ട്ടില്‍ പറയുന്ന വസ്തുതകള്‍ സത്യമാണെങ്കില്‍ യു.എസ് പ്രസിഡന്റിന്റെ ചുമതലകളെക്കുറിച്ച് ഞാനും ട്രംപും തമ്മില്‍ എത്രമാത്രം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ഒന്നുകൂടെ വ്യക്തമാവുകയാണ്. ഞാന്‍ അടുത്ത കമാന്‍ഡര്‍-ഇന്‍-ചീഫ് ആകുകയാണെങ്കില്‍ അമേരിക്കന്‍ ഹീറോകള്‍ക്കൊപ്പമാണ് ഞാനെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ക്ക് ബോധ്യമാകും. ഞാനവരുടെ ത്യാഗത്തെ ബഹുമാനിക്കുന്നു എന്നും.’ ജോ ബൈഡന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Trump Called US Marines Killed In WWI Battle “Losers”: Report

We use cookies to give you the best possible experience. Learn more