| Friday, 11th October 2019, 3:14 pm

പിന്നില്‍ നിന്നു കുത്തി ട്രംപ് ; ചോരക്കളിക്ക് അറുതിയില്ലാതെ സിറിയന്‍ മേഖല

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ ട്രംപ് ഞങ്ങളെ പിന്നില്‍ നിന്നു കുത്തി’എന്നാണ് കുര്‍ദിഷ് സൈന്യത്തിനുള്ള സൈനിക പിന്തുണ പിന്‍വലിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ അപലപിച്ചു കൊണ്ട് വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ പറഞ്ഞത്. ഒരര്‍ഥത്തില്‍ അവര്‍ പറഞ്ഞത് ശരിയാണ്. ഐ.എസിനെ തുരത്തുന്നതില്‍ യു.എസ് സൈന്യത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സിനെ [എസ്.ഡി.എഫ്] കാത്തിരിക്കുന്നത് ഇനി ചോര ചിന്തലുകളുടെ നാളുകളാണ്. ട്രംപിന്റ തീരുമാനത്തിനു തൊട്ടു പിന്നാലെ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കിപ്രസിഡന്റ് എര്‍ദൊഗാന്‍ സൈനിക നടപടി തുടങ്ങുകയും ചെയ്തു. 109 കുര്‍ദിഷ് വിമതരെ വധിച്ചെന്നാണ് എര്‍ദോഗന്‍ അവകാശപ്പെട്ടിരിക്കുന്നത്. വ്യോമാക്രമണത്തിനു പുറമെ കരയാക്രമണവും തുടങ്ങുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വടക്കന്‍ സിറിയയില്‍ നിന്നും അറുപതിനായിത്തോളം കുര്‍ദ് വംശജരാണ് ഇതിനകം പാലായനം ചെയ്തിരിക്കുന്നത്. തുര്‍ക്കിഷ് സൈന്യവും തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും ആണ് എസ്. ഡി.എഫ്‌നെതിരെ ആക്രമണം നടത്തുന്നത്.

ട്രപിന്റെ തീരുമാനത്തോടെ കുര്‍ദുകളെ സിറിയയില്‍ നിന്നും തുടച്ചു നീക്കാനുള്ള ശ്രമം എര്‍ദോഗാന്‍ ഊര്‍ജിതമാക്കുകയാണ്.അമര്‍ച്ച ചെയ്തു എന്നു പറയുന്ന ഐ.എസ് സംഘം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനും ട്രംപിന്റെ നീക്കം ഇടയാക്കും.

ഓപ്പറേഷന്‍ പീസ് സ്പ്രിംഗ് എന്ന പേരിലാണ് തുര്‍ക്കി കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. കുര്‍ദുകളെ ഭീകരരായി കാണുന്ന തുര്‍ക്കി മേഖലയില്‍ സമാധാനം കൊണ്ടു വരാനും ഭീകരരെ തുരത്താനുമാണ് ആക്രമണം നടത്തുന്നത് എന്നാണ് എര്‍ദോഗന്റെ വാദം.

കുര്‍ദുകളെ തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ സിറിയയില്‍ നിന്നും തുരത്തി അവിടെ തുര്‍ക്കിയില്‍ അഭയാര്‍ഥികളായുള്ള സിറിയന്‍ ജനതയെ ഇവിടെ പുനരധിവസിപ്പിക്കാനാണ് എര്‍ദോഗന്റെ നീക്കം.

തുര്‍ക്കി ആജന്മ ശത്രുക്കളായി കാണുന്ന തുര്‍ക്കിയിലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേര്‍സ് പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ് സിറിയയിലെ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ്. സ്വന്തമായ രാഷ്ട്രം ആവശ്യപ്പെടുന്ന ഇവര്‍ ഇറാന്‍,ഇറാഖ്, തുര്‍ക്കി, എന്നിവടങ്ങളിലായി വസിക്കുന്ന സ്വരാഷ്ട്രമില്ലാത്ത കുര്‍ദുകളുടെ കുര്‍ദിസ്ഥാവന്‍ എന്ന സ്വപ്‌നത്തിനും തടയിടാനും കൂടിയാണ് ഇതിലൂടെ തുര്‍ക്കി ശ്രമിക്കുന്നത്.എന്നാല്‍ കുര്‍ദുകളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കും എന്നാണ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

കുര്‍ദുകള്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ കാര്യമായ സഹായം ചെയ്തില്ലെന്നും അവര്‍ അവരുടെ ഭൂമിക്കു വേണ്ടി നമ്മുടെ ഒപ്പം ചേര്‍ന്നതാണെന്നുമാണ് ട്രംപിന്റെ വാദം. രണ്ടാം ലോക മഹായുദ്ധത്തില്‍ കുര്‍ദുകള്‍ സഹായിച്ചില്ല എന്നും ട്രംപ് പറയുന്നു. യഥാര്‍ഥത്തില്‍ ഐ.എസിനെതിരായുള്ള പോരാട്ടത്തില്‍ തങ്ങളുടെ പതിനായിരത്തോളം സൈനികരാണ് മരിച്ചു വീണതെന്നാണ് എസ്.ഡി.എഫ് പറയുന്നത്.

എര്‍ദോഗന്‍ ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനുപിന്നാലെയുള്ള ട്രംപിന്റെ നടപടി ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ അസ്വാരസ്വത്തിനു ഇടയാക്കിയിട്ടുണ്ട്. ഇതിനകം ഇന്ത്യയടക്കം പല രാജ്യങ്ങളും തുര്‍ക്കിയുടെ നടപടിയെ അപലപിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുര്‍ക്കിഷ് സൈന്യത്തിന്റെ ആക്രമണങ്ങള്‍ തുടരുന്ന പക്ഷം, ഐ.എസ് ആക്രമണങ്ങള്‍ തിരിച്ചു വരുന്ന പക്ഷം മുന്‍ വര്‍ഷങ്ങളില്‍ നടന്നതു പോലെ മറ്റു രാജ്യങ്ങള്‍ പക്ഷം പിടിച്ച് സഹായവുമായി എത്താന്‍ സാധ്യതയുണ്ട്. ഇത് സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ നടന്ന ആഭ്യന്തര യുദ്ധത്തെ മുതലെടുത്തു കൊണ്ട് ലോകരാജ്യങ്ങള്‍ തങ്ങളുടെ യുദ്ധക്കളമാക്കി സിറിയയെ മാറ്റിയതിനുള്ള സമാനമായ രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചേക്കാം. നാലു ലക്ഷത്തിലേറെ പേരാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിലേറെ പേര്‍ അഭയാര്‍ഥികളുമായി.

അമേരിക്ക, റഷ്യ, ഇസ്രായേല്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സിറിയയില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ ചെറുതല്ല. റഷ്യ- അമേരിക്ക വൈര്യം, ഇറാന്‍- ഇറാഖ്, ഇറാന്‍-ഇസ്രായേല്‍ വൈര്യം എന്നിവയെല്ലാം നടമാടിയ സിറിയയുടെ ആഭ്യന്തര യുദ്ധം എന്നു വിളിക്കപ്പെട്ട ആഗോള ശക്തികള്‍ ഉള്‍പ്പെട്ട യുദ്ധത്തിന് സമാനമായ അന്തരീക്ഷത്തിന് വഴി തുറന്നു കൊടുക്കാന്‍ ട്രംപിന്റെ ഈ തീരുമാനം ഇടവരുത്തിയേക്കും.

We use cookies to give you the best possible experience. Learn more