| Saturday, 8th June 2019, 2:46 pm

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം; ഇനി വലിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് നാസയോട് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വാ ഗ്രഹത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് ട്രംപ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.

”നമ്മള്‍ ഇതിനായി മുഴുവന്‍ പണവും ചെലവഴിക്കുകയാണ്. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് നാസ ഇനി ഒന്നും സംസാരിക്കരുത്. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്. നിലവില്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചൊവ്വ (ചന്ദ്രന്റെ ഭാഗം), പ്രതിരോധം, ശാസ്ത്രം തുടങ്ങിയവ വലിയ മേഖലകളിലേക്ക് നാസ ശ്രദ്ധ കേന്ദ്രീകരിക്കണം.” – ട്രംപ് ട്വീറ്റ് ചെയ്തു.

2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനം വന്നതിന്റെ ഞെട്ടലിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍.

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന് ഇതുവരെയും ആരും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പിന്നെയെവിടെ നിന്നാണ് ഇത്തരമൊരു കണ്ടെത്തല്‍ ട്രംപ് നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ട്രംപിനെ ട്രോളി നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈനും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. ”യു.എസ് പ്രസിഡന്റ് പറഞ്ഞതു പോലെ, ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ ചന്ദ്രനെ ഉപയോഗിക്കാന്‍ പോവുകയാണ്. ക്യൂരിയോസിറ്റിയും നാസ ഇന്‍സൈറ്റും ചൊവ്വയിലുണ്ട്. അധികം വൈകാതെ ചൊവ്വയില്‍ ഇറക്കാന്‍ പറ്റിയ വാഹനവും(മാര്‍സ് 2020 റോവര്‍) മാര്‍സ് ഹെലികോപ്റ്ററും കൂടി അവിടേയ്ക്ക് എത്തും.”

We use cookies to give you the best possible experience. Learn more