വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് ട്രംപിന്റെ അനുമതി
World News
വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് ട്രംപിന്റെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 2:47 pm

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ അമേരിക്കയില്‍ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സായുധ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്.ബി.ഐ നല്‍കിയത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍.

തിങ്കളാഴ്ച ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.

ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അമേരിക്കയില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump approves state of emergency declaration in US capital