| Monday, 23rd December 2024, 3:09 pm

അമേരിക്കയിലെ എ.ഐ പോളിസി അഡ്വൈസറായി ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ പോളിസി അഡ്വൈസറായി ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസിയിലെ അഡ്വൈസറായാണ് നിയമനം.

ഡേവിഡ് സോക്‌സുമായി ചേര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും പ്രസിഡന്റിന്റെ കൗണ്‍സില്‍ ഓഫ് അഡ്വൈസേഴ്സുമായി ചേര്‍ന്ന് ഗവണ്‍മെന്റിന്റെ എ.ഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും ശ്രീറാം സഹായിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വിന്‍ഡോസ് അസ്യൂറിന്റെ സ്ഥാപക അംഗമായ ശ്രീറാം മൈക്രാസോഫ്റ്റിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ശേഷം ട്വിറ്റര്‍, യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയിലെ ടീം ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ ശ്രീറാം കൃഷ്ണന്‍ കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്.ആര്‍.എം വള്ളിയമ്മൈ എന്‍ജിനീയറിങ് കോളേജിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ശേഷം മൈക്രോസോഫ്റ്റില്‍ ജോലി ആരംഭിക്കുകയായിരുന്നു.

ഒരു നിക്ഷേപകന്‍ കൂടിയായ ശ്രീറാം കൃഷ്ണന്‍ ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ക്രെഡിന്റെ അഡൈ്വസറാണ്.

ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം, എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ശ്രീറാം കൃഷ്ണന്‍ ട്രംപിനോടുള്ള തന്റെ നന്ദി അറിയിച്ചു. അമേരിക്കയെ സേവിക്കാനും ഡേവിഡ് സോക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കയുടെ നേതൃത്വം തുടരുന്നത് ഉറപ്പാക്കുമെന്നും ശ്രീറാം എക്‌സില്‍ എഴുതി.

Content Highlight: Trump appoints Sriram Krishnan, an Indian origin, as AI policy advisor in the United States

We use cookies to give you the best possible experience. Learn more