വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അറ്റോര്‍ണി ജനറലായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി മാറ്റ് ഗെയ്‌സിനെ നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്.
നീതിന്യായ വകുപ്പിലോ മറ്റ് ഗവണ്‍മെന്റ് വകുപ്പുകളിലോ ഒരു പ്രോസിക്യൂട്ടറായി പോലും പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത മാറ്റിനെ രാജ്യത്തെ ഏറ്റവും ഉന്നതമായ നിയമ ഉദ്യോഗസ്ഥന്റെ പദവിയില്‍ നിയമിച്ചത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കിയതായാണ് സൂചന.
പുതിയ പദവി ലഭിച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധിസഭയില്‍ നിന്ന് ഗെയ്‌സ് ബുധനാഴ്ച രാജിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക് നേതാവും മുന്‍ ഹൗസ് സ്പീക്കറുമായ കെവിന്‍ മക്കാര്‍ത്തിയെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതില്‍ ഗെയ്‌സ് സുപ്രധാന പങ്ക് വഹിച്ചിരുന്നു.
2021ല്‍ ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ നീതിന്യായ വകുപ്പ് രണ്ട് ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്നു. തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി കൈവശം വച്ചെന്നായിരുന്നു കേസ്. തുടര്‍ന്ന് പല സന്ദര്‍ഭങ്ങളിലും ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെതിരെ ആഞ്ഞടിച്ചിരുന്നു.
താന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായി ഉടച്ച് വാര്‍ക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. നീതിന്യായ വകുപ്പിന്റെ പ്രധാന യൂണിറ്റായ എഫ്.ബിഐ നിര്‍ത്തലാക്കുമെന്ന് ഗെയ്‌സും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെ നിരവധി ലൈംഗികാതിക്രമ പരാതികളില്‍ ആരോപണവിധേയനായ ഗെയ്‌സിനെതിരെ മൂന്ന് വര്‍ഷത്തോളം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഗെയ്‌സിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് 2023ല്‍ അറിയിച്ചിരുന്നു.
2016ല്‍ ആണ് ആദ്യമായി ഗെയ്‌സ് ഫ്‌ലോറിഡയില്‍ നിന്ന് കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗെയ്‌സിനെതിരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെ നിരവധി കുറ്റങ്ങളില്‍ ജനപ്രതിനിധി സഭയുടെ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം ഗെയ്‌സ് നിഷേധിക്കുകയായിരുന്നു.
Content Highlight: Trump appoints Matt Gaetz as attorney general