യു.എസിലെ ഇസ്രഈല്‍ അംബാസിഡറായി കടുത്ത ഫലസ്തീന്‍ വിരോധിയായ മൈക്ക് ഹക്കബിയെ നിയമിച്ച് ട്രംപ്
World News
യു.എസിലെ ഇസ്രഈല്‍ അംബാസിഡറായി കടുത്ത ഫലസ്തീന്‍ വിരോധിയായ മൈക്ക് ഹക്കബിയെ നിയമിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 10:19 am

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീവ്രവലതുപക്ഷ നേതാവായ മൈക്ക് ഹക്കബിയെ ഇസ്രഈല്‍ അംബാസിഡറായി നിയമിച്ചു. അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണറായ ഹക്കബി ഗസയിലും ലെബനനിലും ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ നിരന്തരം അനുകൂലിച്ചിരുന്ന വ്യക്തിയാണ്.

‘മൈക്ക് വര്‍ഷങ്ങളായി മികച്ച പൊതുപ്രവര്‍ത്തകനായും ഗവര്‍ണറായും വിശ്വസ്തനായ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഇസ്രഈലിനെയും ഇസ്രഈലിലെ ജനങ്ങള്‍ അദ്ദേഹത്തെയും സ്‌നേഹിക്കുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മൈക്ക് നിരന്തരം പ്രവര്‍ത്തിക്കും,’ ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായ ഹക്കബി തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇസ്രഈലിനെ പിന്തുണക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളെ ഹക്കബി നിരന്തരമായി ന്യായീകരിച്ചിരുന്നു.

2017ല്‍ സി.എന്‍.എന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വെസ്റ്റ് ബാങ്കിനെ ബൈബിളിലെ പേരുകളായ ജൂഡിയ, സമരിയ എന്നിങ്ങനെവരെ ഹക്കബി വിശേഷിപ്പിക്കുകയുണ്ടായി. ഇസ്രഈല്‍ അനുകൂല ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവ് കൂടിയാണ് ഇദ്ദേഹം.

2008ലും 2016 ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹക്കബി മത്സരിച്ചിരുന്നു. 1996 മുതല്‍ 2007 വരെ അര്‍ക്കന്‍സാസ് ഗവര്‍ണറായി പ്രവര്‍ത്തിച്ചു. അദ്ദേഹം ആറ് വര്‍ഷത്തോളം ഫോക്‌സ് ന്യൂസ് അവതാരകനായും ജോലി ചെയ്തിരുന്നു.

നിരന്തരം ഫലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഹക്കബി ഫലസ്തീനികളെ ഗസയില്‍ നിന്ന് കുടിയിറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ ലോകത്തിലെ മുസ്‌ലിം രാജ്യങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് അവര്‍ ഗസയിലെ ജനങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് താത്കാലിക അഭയം നല്‍കാന്‍ തയ്യാറാകുന്നില്ല എന്ന് 2023 ഒക്ടോബറില്‍ ഹക്കബി ചോദിച്ചിരുന്നു.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലിനുമേല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഹക്കബി ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം നെതന്യാഹുവിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഹക്കബിയുടെ നാമനിര്‍ദ്ദേശത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

Content Highlight: Trump Appoints Anti-Palestinian Mike Huckabee as Israel’s Ambassador to the US